വനിതാ ഗുണ്ട പുളിയന്തോപ്പ് അഞ്ചലൈ ബിജെപിയില്‍ ചേര്‍ന്നു; മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി പദവിയും നല്‍കി

ചെന്നൈ: കുപ്രസിദ്ധ വനിതാ ഗുണ്ട പുളിയന്തോപ്പ് അഞ്ചലൈ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്ന അഞ്ചലൈയെ മഹിളാ മോര്‍ച്ച വെസ്റ്റ് ജില്ല്ാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

വടചെന്നൈ കേന്ദ്രീകരിച്ചാണ് അഞ്ചലൈ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കൊലപാതകവും വധശ്രമമുള്‍പ്പെടെ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

പൊലീസിന്റെ കുറ്റവാളി പട്ടികയിലും അഞ്ചലൈ ഇടം നേടിയിട്ടുണ്ട്. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷനായി എല്‍ മുരുകന്‍ പദവിയേറ്റെടുത്തിന് ശേഷം നിരവധി റൗഡികളും ഗുണ്ടാനേതാക്കളും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

എല്‍ മുരുകന്‍ പങ്കെടുത്ത പരിപാടിയില്‍ വച്ചു ബിജെപിയില്‍ ചേരാനെത്തിയ നാല് ഗുണ്ടകളെ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറു കൊലപാതകം അടക്കം അമ്പതിലേറെ കേസുകളില്‍ പ്രതിയായ റെഡ് ഹില്‍സ് സൂര്യ എന്നയാളുടെ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍.