എന്തുകൊണ്ട് ബിഹാര്‍ തെരഞ്ഞെടുപ്പ് എന്നെ ത്രസിപ്പിക്കുന്നില്ല

ബിഹാറിലെ തെരഞ്ഞെടുപ്പിന് എന്നെ ത്രസിപ്പിക്കാനാകുന്നില്ല. മൂന്ന് പതിറ്റാണ്ടുകളിലധികമായി തൊഴില്‍പരമായും രാഷ്ട്രീയപരമായും അത്യധികം താത്പര്യത്തോടെ തെരഞ്ഞെടുപ്പുകളെ പിന്തുടര്‍ന്നിരുന്ന എന്നെപ്പോലൊരാളെ സംബന്ധിച്ച് ഇത് വിചിത്രമായ അനുഭവമാണ്.

എന്നാല്‍ അത് കേവലം ഒരു തളര്‍ച്ചയുടെ ഭാഗമല്ല, അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കപ്പെപ്പെട്ടുകഴിഞ്ഞു എന്ന്‌ തോന്നിയതിനാലുമല്ല. പക്ഷേ മത്സരം ഇത്ര അടുത്തെത്തിയിട്ടും എനിക്ക് ആവേശഭരിതനാകാന്‍ കഴിയുന്നില്ല. അതേസമയം, ഈ തെരഞ്ഞെടുപ്പില്‍ നിന്നുണ്ടാകാന്‍ പോകുന്ന പരിണിതഫലങ്ങളെക്കുറിച്ച്‌ ഞാന്‍ മനസിലാക്കുന്നു.

കൊവിഡാനന്തര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ബിഹാറില്‍ സര്‍ക്കാര്‍ രുപീകരിക്കുകയോ അതില്‍ പരാജയപ്പെടുകയോ ചെയ്താലും, നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അല്‍പകാലത്തേക്കെങ്കിലും അത്‌ ചില മാറ്റങ്ങളുണ്ടാക്കാം. അതുകൊണ്ട്‌ ഫലത്തെക്കുറിച്ച് എനിക്ക് ജിജ്ഞാസയുണ്ട്‌. എങ്കിലും ഈ പ്രക്രിയയിലേക്ക് ഞാനെന്നെ മുഴുവനായി നിക്ഷേപിക്കുന്നില്ല.

എന്താണെന്നാല്‍, ബിഹാറിലെ ഈ നിയമസഭ തെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നില്ല എന്നതാണ്. അതിന് മൂന്ന് പ്രധാന കാരണങ്ങളാണുള്ളത്. ഒന്ന്, സമീപകാലങ്ങളെ അപേക്ഷിച്ച് ബിഹാറിന് രാജ്യത്തിന്റെ ഭാവിയില്‍ വളരെക്കുറവ് പ്രാധാന്യമാണുള്ളത്. രണ്ട്, സംസ്ഥാനരാഷ്ട്രീയത്തിനേക്കാള്‍ പ്രാധാന്യം ദേശീയ രാഷ്ട്രീയമര്‍ഹിക്കുന്നു. മൂന്ന്, നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്‌, വിജയ-പരാജയങ്ങള്‍ എന്നിവയേക്കാള്‍ പ്രാധാന്യമുള്ളത്‌‌ നമ്മുടെ ജനാധിപത്യത്തിന്റെ ഗതിയ്ക്കാണ്.

ബിഹാര്‍ ഇപ്പോള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമല്ല

കഴിഞ്ഞ പത്തുവര്‍ഷമായി ബീഹാര്‍ മുന്നില്‍ നിന്നു നയിക്കുകയല്ല, മറിച്ച് ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ‘ഹിന്ദുത്വ’ തരംഗത്തെ ഏറ്റുപിടിക്കുകയാണ് ചെയ്യുന്നത്. ഒബിസി – പിന്നോക്ക വിഭാഗങ്ങളുമായി ഒരുവിഭാഗം ഉയര്‍ന്ന ജാതിക്കാരെ ചേര്‍ത്തുള്ള സാമൂഹിക കൂട്ടുകെട്ട് ബിജെപി ഉത്തര്‍പ്രദേശില്‍ പരീക്ഷിച്ച സൂത്രവാക്യമാണ്. മറ്റൊരു യുക്തിസഹമായ പകരംവെയ്ക്കല്‍ ഇല്ലാതായതോടെ മണ്ഡല്‍ രാഷ്ട്രീയവും മാഞ്ഞുപോയി. മുസ്ലിം-യാദവ് സംയോജത്തിലൂടെ ചില ഉയര്‍ന്ന ജാതി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആര്‍ജെഡിയുടെ ശ്രമവും പ്രായോഗികമായ ഒരു മാതൃകയായെടുക്കാവുന്നതല്ല.

ഇത്തവണ തൊഴിലില്ലായ്മ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മാറുമോ? മറ്റ് സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കുമോ? അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍, എനിക്ക് എന്റെ ബിഹാറി സുഹൃത്തുക്കളെ നിരാശരാക്കി, ബിഹാര്‍ ഇനി ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന് വഴിയൊരുക്കില്ലെന്ന നിഗമനത്തിലേക്കെത്തേണ്ടി വരും. ഈ തെരഞ്ഞെടുപ്പ് ബിഹാറിനെക്കുറിച്ച് ചിലത് പറയും, എന്നാല്‍ അതിന് പുറത്തെ രാഷ്ട്രീയത്തിലേക്ക് ‌ഒന്നുമുണ്ടാകില്ല.

സംസ്ഥാന രാഷ്ട്രീയം ഇനി പ്രധാനവേദിയല്ല

രണ്ടാമത്തെ കാരണം പൊതുവായതും എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കും ബാധകമാവുന്നതുമാണ്. ബിഹാറിലെ വിധി എന്തായാലും ‘രാജ്യത്തിന്റെ പൊതുസ്വഭാവം’ എന്ന നിലയിലായിരിക്കും ടിവിയിലെ വാര്‍ത്താ ചര്‍ച്ചകളും സംവാദങ്ങളും അതിനെ ഉയര്‍ത്തിക്കാട്ടുകയെന്ന് എനിക്ക് ഉറപ്പുണ്ട്.

എന്നാല്‍ നമ്മുടെ രാഷ്ട്രീയ വിശകലനം പഴയ യാഥാര്‍ത്ഥ്യങ്ങളില്‍ തന്നെയാണ്‌ ഇന്നും നങ്കൂരമിട്ടിരിക്കുന്നത്‌. 1990 മുതല്‍ 2013 വരെയുള്ള കാല്‍ നൂറ്റാണ്ടില്‍ , ദേശീയ തലത്തിലെ രാഷ്ട്രീയം മനസ്സിലാക്കുന്നതിനുള്ള താക്കോലായിരുന്നു സംസ്ഥാനരാഷ്ട്രീയം. ദേശീയ തിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനതലത്തിലുള്ള വിധിന്യായങ്ങളുടെ ആകെത്തുകയായിരുന്നു. 1970 കളിലെയും 1980 കളിലെയും രാഷ്ട്രീയത്തില്‍ ആളുകള്‍ തങ്ങളുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുപോലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തപ്പോള്‍, പിന്നീട് അവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുപോലെയായി. പ്രൊഫസര്‍ സുഹാസ് പാല്‍ഷികറും ഞാനും അതിനെ രാഷ്ട്രീയത്തിന്റെ പ്രധാനവേദിയായുള്ള സംസ്ഥാനരാഷ്ട്രീയത്തിന്റെ വളര്‍ച്ച എന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ 2014ല്‍ എല്ലാത്തിനും മാറ്റം വന്നു. അതിനുശേഷം, സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പ്രവണതകളും രീതികളും ദേശീയ തിരഞ്ഞെടുപ്പുകളിലെ സംഭവങ്ങളിലേക്ക്‌ വഴികാട്ടിയല്ല. ഒരേ ദിവസം തന്നെ രണ്ടുപേര്‍ക്കും വോട്ടുചെയ്യുമ്പോഴും ഒരേ വോട്ടര്‍മാര്‍ വ്യത്യസ്ത തലത്തില്‍ നിന്ന് തെരഞ്ഞെടുപ്പുകളെ കണ്ട്‌ വോട്ടുചെയ്യുന്ന ‘ടിക്കറ്റ് വിഭജന’ യുഗത്തിലാണ് നമ്മള്‍. 2019 ല്‍ ഒഡീഷയിലെ വോട്ടര്‍മാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അനുകൂലിച്ചപ്പോള്‍ അതേ ദിവസം തന്നെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ (ബിജെഡി)യില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാനമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായി നിരസിച്ച ആംആദ്മിപാര്‍ട്ടിയെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വന്‍ ഭൂരിപക്ഷത്തോടെ ദില്ലി ജനത അധികാരത്തിലേക്ക് തിരിച്ചെത്തിച്ചു.

ബീഹാറിനും ഇത് ബാധകമാണ്. ബിജെപി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, പ്രധാനമന്ത്രി മോദിയുടെ അംഗീകാരത്തെക്കുറിച്ചും കൊവിഡ്‌ മഹാമാരി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും സമ്പദ് വ്യവസ്ഥയെക്കുറിച്ചും (ചൈനീസ് അധിനിവേശത്തെക്കുറിച്ച്‌ ആര്‍ക്കറിയാം!) ജനങ്ങള്‍ക്കിടയില്‍ നിന്ന്‌ അനുകൂലവാദങ്ങളുയര്‍ന്നേക്കാം. അതേസമയം ബിജെപിയുടെ പ്രതിച്ഛായ മോശമാണെങ്കില്‍ വിപരീതഫലം പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോഴുള്ളതില്‍ ഭൂരിഭാഗവും ശൂന്യമായ വാചാടോപങ്ങളാണ്. തെരഞ്ഞെടുപ്പ് സംസ്ഥാന തലത്തിലുള്ള ബിഹാറി വോട്ടറുടെ മാനസികാവസ്ഥയെക്കുറിച്ച് നമ്മോട് ചിലത് പറഞ്ഞേക്കാം, പക്ഷേ യഥാര്‍ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന
ദേശീയ തലത്തിലെ അവരുടെ മുന്‍ഗണനയെക്കുറിച്ച്‌ കൂടുതലൊന്നും അതില്‍ നിന്ന്‌ വ്യക്തമാക്കില്ല.

തിരഞ്ഞെടുപ്പുകള്‍ ഇനിമേല്‍ ജനാധിപത്യത്തിലെ സംഭവസ്ഥലങ്ങളല്ല

മൂന്നാമത്തെ കാരണം രേഖപ്പെടുത്തുന്നതാണ് ഏറ്റവും
വേദനാജനകമായത്. സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഏതുമാകട്ടെ, തെരഞ്ഞെടുപ്പുകള്‍ ഇനി നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമാകില്ല. നമ്മുടെ ജനാധിപത്യത്തിലുടനീളം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തെഞ്ഞെടുപ്പുകള്‍ക്ക് പ്രധാന പങ്കാണുള്ളത്. നമ്മുടെ പൊതുസംവിധാനങ്ങള്‍ പൊതുവെ ദുര്‍ബലമാണ്, അതിനാല്‍ ജനങ്ങളെ അധികാരവുമായി ബന്ധിപ്പിക്കുന്ന പാലമായാണ് തെരഞ്ഞെടുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാരണങ്ങള്‍കൊണ്ടാണ് ഇടവേളകളില്‍ സംഭവിക്കുന്നതാണെങ്കിലും തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും സംഭവബഹുലവും, ജനകീയ പരമാധികാരത്തിന്റെ പ്രക്രിയായിരുന്നതും.

1977,1980,1984 ലെ നാടകീയ തിരഞ്ഞെടുപ്പുകള്‍ ഓര്‍ക്കുക. അല്ലെങ്കില്‍ 1990 കളില്‍ സംസ്ഥാന-ദേശീയ സര്‍ക്കാരുകള്‍ക്ക് പതിവായി അധികാരം നഷ്ടപ്പെട്ടിരുന്ന രാഷ്ട്രീയ പ്രക്ഷോഭകാലഘട്ടം. രാഷ്ട്രീയ നേതാക്കള്‍, പാര്‍ട്ടികള്‍, സര്‍ക്കാരുകള്‍ എന്നിവരുടെ വിധി മാത്രമല്ല, സാമൂഹികമായ അധികാരക്രമത്തെയും പ്രാദേശിക ബന്ധങ്ങളെയും തെരഞ്ഞെടുപ്പുകളാണ് നിര്‍ണ്ണയിച്ചിരുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ ഉത്സവസ്വഭാവം ഈ പ്രക്രിയയെ ഒരാചാരത്തിന്റെ ഭാരമേല്‍പ്പിച്ചു. അതാണ് ഇന്നും വോട്ടെണ്ണല്‍ ദിനത്തില്‍ ടിവി പരിപാടികളിലേക്കുള്ള രാജ്യത്തിന്റെ അഭിനിവേശത്തെ കാണിക്കുന്നത്.

2004 ന് ശേഷം ഇതില്‍ മാറ്റങ്ങള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് ഒരു പതിവ് പ്രക്രിയയായി മാറി, ഇത് സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വളരെയധികം പ്രാധാന്യപ്പെട്ടതായിരുന്നെങ്കിലും ആഴത്തിലേക്കുള്ള പുതിയ പ്രവണതകളിലേക്കത് നയിച്ചില്ല. ക്രമേണ, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളെക്കാള്‍ പ്രാധാന്യം പണത്തിനും മാധ്യമങ്ങള്‍ക്കും മറ്റു വ്യവഹാരങ്ങള്‍ക്കുമായി. സര്‍ക്കാരിനെയും അതിന്റെ നേതാവിനെയും കുറിച്ചുള്ള കാഴ്ചപ്പാട് പ്രധാനപ്പെട്ടതായി തുടര്‍ന്നുവെങ്കിലും അത്‌ തെരഞ്ഞെടുപ്പിലേക്ക് മാത്രമായി പരിഗണിക്കുന്നതിലേക്ക്‌ ജനങ്ങളുടെ കാഴ്ചപ്പാട് ചുരുങ്ങി.

2014ഓടെ ഈ പ്രവണത ശക്തമായി. എന്ത് വിലകൊടുത്തും തെരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതിലേക്ക് ബിജെപി ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ഗൗരവത്തില്‍ ശൂന്യത ബാധിച്ചു. ഇന്ന്‌ അതെല്ലാം വോട്ടിംഗ് യന്ത്രത്തെയും മാധ്യമങ്ങളെയും ആശ്രയിച്ചാണ്‌ നീങ്ങുന്നത്. പരീക്ഷ ഒരു വിദ്യാര്‍ത്ഥിയുടെ ബുദ്ധിശക്തിയെക്കുറിച്ചും പഠന ശേഷിയെക്കുറിച്ചും പറയുന്നതുപോലെയാണ് പൊതുജനാഭിപ്രായത്തെയും മനോഭാവത്തെയും കുറിച്ച് തെരഞ്ഞെടുപ്പ് ഇപ്പോള്‍ സംസാരിക്കുന്നത്‌.

അതിലും പ്രധാനമായി, തെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ അധികാരത്തിലുള്ളവരോടുള്ള ചെറുത്തുനില്‍പ്പിന്റെ രേഖകളാകുന്നില്ല. ബിജെപിയുടെ സര്‍വ്വാധിപത്യത്തിന് ഗൗരവമുള്ള ഒരു എതിര്‍പ്പ് തെരഞ്ഞെടുപ്പിലൂടെ വരാന്‍ സാധ്യതയില്ല. 1971 ന് ശേഷം ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ ഗുജറാത്ത്, ബീഹാര്‍ പ്രക്ഷോഭങ്ങള്‍ വെല്ലുവിളിച്ചതുപോലെ, ഇന്ന് വര്‍ദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യ പ്രവണത തെരഞ്ഞെടുപ്പ് രംഗത്ത് വെല്ലുവിളിക്കപ്പെടാന്‍ സാധ്യതയില്ല. ചെറുത്തുനില്‍പ്പിന്റെ ഏതെങ്കിലും അടയാളങ്ങള്‍ക്കായി തെരുവിലെ പ്രധിഷേധങ്ങളിലേക്ക് നാം നോക്കണം. ഇത്തവണ അങ്ങനെയൊന്ന് ബിഹാറില്‍ നിന്ന് ആരംഭിച്ചേക്കില്ല.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അളവുകോലായിരുന്ന കാലമുണ്ടായിരുന്നു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ജനാധിപത്യപരമായ ഉയര്‍ച്ചയെ അത് പ്രതിഫലിപ്പിച്ചു. 2020ലെ ബിഹാര്‍ തിരഞ്ഞെടുപ്പ് ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം മാത്രമാണ്. ആ ചോദ്യത്തില്‍ നിങ്ങള്‍ അമിതമായി ചിന്തിക്കുന്നില്ലെങ്കില്‍, അന്തിമ ഫലപ്രഖ്യാപനത്തിനായി നവംബര്‍ 10 ഉച്ചവരെ കാത്തിരിക്കാം. അതാണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

:യോഗേന്ദ്ര യാദവ്‌ ദി പ്രിന്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Latest News