Smitha Menon Row

എന്തായിരുന്നു മുരളീധരന്റെ സവിശേഷ താല്‍പര്യം? കേന്ദ്രമന്ത്രിയോട് കുറേ ചോദ്യങ്ങള്‍

നമ്മുടെയാണ് തെറ്റ്, നമ്മളാരും ചോദിച്ചില്ല, അതുകൊണ്ടാണ് മുരളിയേട്ടന്‍ നമ്മളെ അബുദാബിയിലേക്ക് കൊണ്ടുപോകാഞ്ഞത്. വിദേശകാര്യ മന്ത്രാലയത്തിലിരുന്നു വിതുമ്പുന്ന ആ മാടപ്രാവിന്റെ ഹൃദയം നമ്മള്‍ കാണാതെ പോയി. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ യോഗം അബുദാബിയില്‍ നടക്കുന്നു. മഹിളാ മോര്‍ച്ച നേതാവും പിആര്‍ തൊഴിലാളിയും മുതലാളിയുമായ മഹിള മുരളിയേട്ടനെ വിളിച്ചു ചോദിക്കുന്നു. അന്താരാഷ്ട്ര കോണ്‍ഫറന്‍സൊക്കെ ഒന്ന് റിപ്പോര്‍ട് ചെയ്യാന്‍ വന്നോട്ടെ എന്ന്. വിശാലഹൃദയനായ ഗീവര്‍ഗീസാശാന്‍ അനുമതി നല്‍കുന്നു. ജാവ പവര്‍ഫുള്ളാണ്, സിംപിളുമാണ്.

ഈ കോണ്‍ഫറന്‍സ് റിപ്പോര്‍ട് ചെയ്യാന്‍ വാസ്തവത്തില്‍ മുരളിയേട്ടന്റെ അനുവാദം വേണോ? അങ്ങനെ അനുവാദം നല്‍കാന്‍ മുരളിയേട്ടനുള്ള സവിശേഷാധികാരം എന്താണ്? മാധ്യമപ്രവര്‍ത്തകര്‍ക്കോ പിആര്‍ ഏജന്‌സികള്‌ക്കോ ഒക്കെ ഇത്തരം അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പോകാനുള്ള നടപടിക്രമങ്ങള്‍ എന്താണ്? അബുദാബിയിലേക്ക് പോകാനുള്ള വിസയില്‍ എന്ത് കാരണമാണ് നല്‍കിയത്? അര്‍ഹതപ്പെട്ട ഒന്നായിരുന്നു അതിലേക്കുള്ള പ്രവേശനമെങ്കില്‍ പിന്നെ മന്ത്രിക്ക് എന്താണിതില്‍ അനുമതി നല്‍കാനുള്ള കാര്യം? ഒരു മന്ത്രി എന്ന നിലയില്‍ ആരെയെങ്കിലും പ്രത്യേകമായി ഇത്തരത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ കൊണ്ടുപോകാനുള്ള താത്പര്യം എന്തിനാണ് മുരളീധരന്‍ എടുത്തത്? മഹിളാ മോര്‍ച്ച സെക്രട്ടറി കൂടിയായ, സ്വന്തം പാര്‍ട്ടിക്കാരി കൂടിയായ ടി സ്ത്രീയെ കൊണ്ടുപോകാനുള്ള സഹായം ചെയ്തതോ, അല്ലെങ്കില്‍ അങ്ങനെ കൊണ്ടുപോയതോ ഒരു മന്ത്രി എന്ന നിലയില്‍ തന്റെ അധികാരം ദുരുപയോഗിച്ചതല്ലേ?

അന്താരാഷ്ട്ര സമ്മേളനം റിപ്പോര്‍ട് ചെയ്യാന്‍ നാട്ടിലെ പിആര്‍ ഏജന്‍സിക്കാരെ കൊണ്ടുപോകാന്‍ സൗകര്യം ചെയ്ത കീഴ്വഴക്കം വിദേശകാര്യമന്ത്രാലയത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ഇനിയുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ സ്വന്തമായി ടിക്കറ്റെടുത്ത് വരാന്‍ തയ്യാറുള്ള ഏതു മാധ്യമപ്രവര്‍ത്തകനും പിആര്‍ ഏജന്‍സിക്കാരനും മുരളീധരനെയോ അല്ലെങ്കില്‍ വിദേശകാര്യ മന്ത്രിയേയോ വിളിച്ചു ചോദിച്ചാല്‍ മതിയോ? ഇതിനു മുമ്പ് അന്താരാഷ്ട്ര തലത്തിലുള്ള (രാജ്യങ്ങള്‍ തമ്മിലുള്ള) ഒരൊറ്റ സമ്മേളനത്തിലും പങ്കെടുക്കുകയോ റിപ്പോര്‍ട് ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് സ്വയം സമ്മതിക്കുന്ന തന്റെ പാര്‍ട്ടിയുടെ വനിതാ നേതാവിനെ എന്തടിസ്ഥാനത്തിലാണ് മന്ത്രി ഇത്തരമൊരു സമ്മേളനത്തില്‍ കൊണ്ടുപോകാന്‍ വഴിയുണ്ടാക്കിയത്?

ഈ സമ്മേളനത്തില്‍ റിപ്പോര്‍ട്ടിങ്ങിനായി ചെല്ലാന്‍ വിദേശകാര്യ സഹമന്ത്രിയും സമ്മേളനത്തിലെ പങ്കാളിയുമായ തന്നെ ബന്ധപ്പെട്ടാല്‍ മതിയെന്ന വിവരം എങ്ങനെയാണ് മന്ത്രിയുടെ സഹായം ലഭിച്ച മഹിളാ മോര്‍ച്ച നേതാവിന് മാത്രം അറിവുണ്ടായത്? നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും ഏറെ സുപ്രധാനമായ വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായ മുരളീധരന്‍ തന്റെ ഇഷ്ടക്കാര്‍ക്കായി അധികാരം ദുരുപയോഗം ചെയ്യുകയല്ലേ ഉണ്ടായത്? അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുന്ന ഔദ്യോഗിക നടപടിക്രമം എന്താണ്? ഇന്ത്യയിലാണെങ്കില്‍ ഒരു ജേണലിസ്റ്റിനു ഇവിടെ വരാന്‍ ‘ജെ’ വിസയാണ് അനുവദിക്കുക. അല്ലാത്ത വിസയുള്ള ഒരാള്‍ക്ക് ഇവിടെ വന്ന് മാധ്യമപ്രവര്‍ത്തനം നടത്താന്‍ അനുവാദമില്ല. അബുദാബിയില്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇത്തരം കുഴപ്പങ്ങളൊന്നുമില്ലാതെ മഹിളാ മോര്‍ച്ച നേതാവിനെ എത്തിച്ച മുരളീധരന് അതിലുണ്ടായിരുന്ന സവിശേഷ താത്പര്യം എന്താണ്?

മുരളിയേട്ടനെ ഒന്ന് ഫോണ്‍ വിളിച്ചു കാര്യം നടത്തിക്കാന്‍ സാധിക്കാത്ത സാധാരണ നാട്ടുകാരാണ് അയാള്‍ക്ക് അബുദാബിയില്‍ പോകാനുള്ള ടിക്കറ്റിന്റെ കാശ് നല്‍കിയത് എന്നതുകൊണ്ട്, മുരളീധരന്‍ മറുപടി പറയേണ്ടേ? ‘ഞാന്‍ കാരണം അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തനത്തിനു ഒരുപാട് ബുദ്ധിമുട്ടുണ്ടായെന്ന് എനിക്കറിയാം. പക്ഷെ ആപത്തില്‍ സഹായിക്കുന്നവരെ ഞാന്‍ മറക്കില്ല. ഇനിയേത് അന്താരാഷ്ട്ര സമ്മേളനത്തിന് പോകാനും എന്നെ വിളിച്ചാല്‍ മതി. മൈ ഫോണ്‍ നമ്പര്‍ ഈസ്..’ എന്താണ് ഫോണ്‍ നമ്പര്‍ വിന്‍സെന്റ് ഗോമസ് അല്ലങ്കില്‍ മുരളിയേട്ടാ?

Latest News