അങ്ങനെയെങ്കില്‍ കോഹ്ലിയുടെ കുഞ്ഞ് ഓസ്‌ട്രേലിയന്‍ പൗരനാണെന്ന് നമുക്ക് അവകാശപ്പെടാമായിരുന്നു: അലന്‍ ബോര്‍ഡര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യത്തേതുമാത്രം കളിച്ച് കുഞ്ഞിന്റെ ജനനസമയത്ത് ഇന്ത്യയിലേക്ക് മടങ്ങാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തോട് ക്രിക്കറ്റ് ലോകത്തുനിന്നും ഇതിനകം വ്യത്യസ്ത പ്രതികരണങ്ങളാണുയര്‍ന്നത്. ഇതില്‍ ഭൂരിഭാഗവും കോഹ്ലിയുടെ അഭാവത്തില്‍ സീരീസിലെ ഇന്ത്യന്‍ പ്രകടനത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. പക്ഷേ ക്യാപ്റ്റന്റെ അഭാവം ടീമിനെ ബാധിക്കുമെന്ന് ആശങ്കരേഖപ്പെടുത്തിയ എല്ലാ വിദഗ്ദരും കുടുംബത്തിന് ക്രിക്കറ്റിനേക്കാള്‍ പരിഗണനകൊടുത്ത താരത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്ന നിലപാടാണെടുത്തത്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ തമാശപൂര്‍വ്വം പങ്കുവെച്ചത്. കുഞ്ഞിന്റെ ജനനം ഓസ്‌ട്രേലിയയിലേക്ക് മാറ്റാന്‍ കോഹ്ലി തീരുമാനിച്ചിരുന്നെങ്കില്‍ കുഞ്ഞ് ഓസ്‌ട്രേലിയന്‍ പൗരനാണെന്ന് അവകാശപ്പെടാമെന്നായിരുന്നു ബോര്‍ഡറിന്റെ അഭിപ്രായം.

കുഞ്ഞിന്റെ ജനനം ഓസ്‌ട്രേലിയയിലേക്ക് മാറ്റാന്‍ കോഹ്ലി തീരുമാനിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കുഞ്ഞ് ഓസ്‌ട്രേലിയന്‍ പൗരനാണെന്ന് നമുക്ക് അവകാശപ്പെടാമായിരുന്നു

അലന്‍ ബോര്‍ഡര്‍

അതേസമയം കോഹ്ലിയുടെ അഭാവം കളിയില്‍ വലിയൊരു വിടവുതന്നെയായിരിക്കുമെന്നും വിഷയത്തെക്കുറിച്ച് ഗൗരവകരമായി സമീപിച്ച് ബോര്‍ഡര്‍ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ആ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ അഭാവം നികത്താനാവുന്നതല്ലെന്നും എന്നാല്‍ അത് ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്യുമെന്നും ബോര്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് – ഒന്ന് എന്ന നിലയില്‍ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്നും ബോര്‍ഡര്‍ പ്രവചിച്ചു.

Latest News