‘കള്ളു കച്ചവടക്കാരന് ഇടക്കിടെ ഉണ്ടാവുന്ന വെളിപാടുകള്‍ മാത്രമേ പിണറായി അന്വേഷിക്കൂ’; വിടി ബല്‍റാം

ബാര്‍ക്കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കള്ളു കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാവുന്ന വെളിപാടുകള്‍ മാത്രമേ പിണറായി വിജയന്‍ അന്വേഷിക്കുകയൊള്ളു എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

‘കള്ളു കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാവുന്ന വെളിപാടുകള്‍ മാത്രമേ പിണറായി വിജയന്‍ അന്വേഷിക്കൂ. സ്വന്തം ഓഫീസിലെ അധോലോക മാഫിയാ പ്രവര്‍ത്തനങ്ങളും മന്ത്രിമാരുടെ കോടികളുടെ കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സിന് താത്പര്യമില്ല’, വിടി ബല്‍റാം പറഞ്ഞു.

‘200 ഏക്കര്‍ മഹാരാഷ്ട്രയില്‍ ബിനാമി ഭൂമി, ഇഡി രണ്ട് മന്ത്രിമാരിലേക്ക്’ എന്ന കേരള കൗമുദി പത്രത്തിന്റെ വാര്‍ത്ത പങ്കുവെച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്.

ബാര്‍ കോഴയില്‍ തനിക്കെതിരെ നടക്കുന്ന ഏത് അന്വഷണവും സ്വാഗതം ചെയ്യുന്നുന്നെയാരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി ഓഫീസില്‍ ആരും കോഴ തരികയോ വാങ്ങുകയോ ചെയ്തിട്ടില്ല.
ആറ് വര്‍ഷം മുന്‍പ് നിഷേധിച്ച ആരോപണമാണിത്. പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാര്‍കോഴ കേസ് രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണ്. ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖ വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട് . ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് പരിഗണനയില്‍ ഉണ്ട്. അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Latest News