‘പിണറായിയെന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി തോന്ന്യാസം കാണിച്ചെന്ന് ഞാനോ നിങ്ങളോ അഭിപ്രായപ്പെട്ടാല്‍…’; കിങ് ജോങ് ഉന്നിന്റെ ചിത്രം പങ്കുവെച്ച് വിടി ബല്‍റാം

കൊച്ചി: പൊലീസ് നിയമഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. പൊലീസ് ഭേദഗതി നിയമം സഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇതിലൂടെ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചാല്‍ നമ്മളേയും തടവിന് ശിക്ഷിക്കുമോയെന്ന് വിടി ബല്‍റാം ചോദിക്കുന്നു. ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിംഗ് ജോങ് ഉന്നിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

പൊലീസ് ഭേദഗതി നിയമത്തിനെതിരെ ഇതിനകം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പൊലീസ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയിലൂടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ് എന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

എന്നാല്‍ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്നും നിയമ ഭേദഗതി ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ വിലക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൈബര്‍ ആക്രമണങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

‘Anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both.’

പോലീസ് ആക്റ്റിലെ 118 (അ) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിച്ചതിലൂടെ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?

Latest News