വോട്ട് മലപ്പുറത്തിന്, താമസം തൃശൂരിൽ; കടവല്ലൂർ വടക്കുമുറിയിൽ നിന്നും ദുരിതം പേറി പത്ത് കുടുംബങ്ങൾ

രേഖകളിലും തെരഞ്ഞെടുപ്പിലും മാത്രം പത്തു വീട്ടുകാർ മലപ്പുറം ജില്ലക്കാരാകുന്ന ഒരിടമാണ് കടവല്ലൂർ വടക്കുമുറി. ‘മലപ്പുറം ജില്ലയിൽ വോട്ടും താമസം തൃശ്ശൂർ ജില്ലയിലും’ എന്ന കൗതുകകരമായ അവസ്ഥയാണ് ഈ പ്രദേശത്തെ പത്ത് വീട്ടുകാർക്ക്. ഒരേസമയം തൃശൂർ ജില്ലയിലും മലപ്പുറം ജില്ലയിലും പെട്ട സ്ഥലം. അതിർത്തി വിഭജനത്തിലെ പോരായ്മകളാണ് ആലംകോട് പഞ്ചായത്തിലെ കടവല്ലൂർ വടക്കുമറിയിലെ പത്തോളം കുടുംബങ്ങൾക്ക് ദുരിതമാകുന്നത്.

മലപ്പുറത്തേയും തൃശൂർ ജില്ലയേയും വേർത്തിരിക്കുന്ന കടവല്ലൂർ പാടത്തിന് മറുകരയിൽ താമസിക്കുന്ന വടക്കുമുറിയിലെ പത്തോളം കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ഈ ദുരവസ്ഥ അനുഭവിക്കുന്നത്. വാട്ടർ കണക്ഷന് വേണ്ടിയോ, ലാൻ്റ് ഫോണിനായി അപേക്ഷിച്ചാലോ ഇത് തന്നെ സ്ഥിതി. കുട്ടികൾക്ക് പഠനകാര്യങ്ങൾക്കും ജോലി സംബന്ധമായി ഓൺലൈൻ അപേക്ഷകൾ നൽകുമ്പോഴും പോസ്റ്റ് ഓഫീസ് കടവല്ലൂർ എന്ന് കൊടുത്താൽ അതും നിഷേധിക്കപ്പെടും.

റേഷൻ സാധനങ്ങൾ ഏത് ജില്ലയിൽ നിന്നും വാങ്ങാവുന്ന സ്ഥിതിയുണ്ടായത് ഇവർക്ക് ഗുണകരമായിട്ടുണ്ട്. എന്നാൽ ഈ പത്ത് വീടുകൾ ഉൾപ്പെടുന്ന സ്ഥലം കൂടി തൃശ്ശൂർ ജില്ലയുടെ ഭാഗമാക്കുകയാണങ്കിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ അടക്കം ലഭിക്കുമെന്നാണ് ഈ വീട്ടുകാർ പറയുന്നത്.

ഈ പത്ത് വീടുകൾ കഴിഞ്ഞാൽ കിലോമീറ്ററുകളോളം വയലുകളാണ്. വയലിനപ്പുറമാണ് മലപ്പുറം ജില്ലയിലെ മറ്റു വീടുകളും പൊതുഗതാഗത സൗകര്യങ്ങളും ലഭ്യമാകുക.

Latest News