‘പഠിച്ച് ജയിക്കണം എന്ന് വാശിയായിരുന്നു’ ചോലനായ്ക്കര്‍ വിഭാഗത്തിലെ ആദ്യ ഗവേഷക വിദ്യാര്‍ത്ഥി; വിനോദ് ജീവിതം പറയുന്നു

ഏഷ്യന്‍ വന്‍കരയില്‍ത്തന്നെ അവശേഷിക്കുന്ന ഗുഹാവാസികളായ ചോലനായ്ക്കര്‍ വിഭാഗത്തില്‍ ജനിച്ച് കേന്ദ്ര സര്‍ക്കാര്‍ ഫെല്ലോഷിപ്പോടെ കുസാറ്റിലെ ഗവേഷക വിദ്യാര്‍ഥിയിലേക്കുള്ള സി വിനോദിന്റെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയാണ് വിനോദ്. പിഎച്ച്ഡി കഴിഞ്ഞാലും കാടുകളില്‍ തന്നെ താമസിച്ച് ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തികുക എന്നതാണ് വിനോദിന്റെ ഇനിയുള്ള ലക്ഷ്യം.

ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് കരുളായി വനത്തിലെത്തിയ കിര്‍ത്താഡ് ഡയറക്ടറായിരുന്ന എന്‍ വിശ്വനാഥന്‍ നായരാണ് വിനോദിന്റെ ജീവിതം മാറ്റിമറിച്ചത്. വിനോദിന്റെ ആറാം വയസിലാണ് വിശ്വനാഥാന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിനോദ് അടക്കമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കാടുകയറിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ അവര്‍ ഉള്‍ക്കാടുകളിലേക്ക് ഓടിയൊളിച്ചു. വിദ്യാഭ്യാസത്തിന്റെ
പ്രാധാന്യത്തെ കുറിച്ച് രക്ഷിതാക്കള്‍ക്കോ അവര്‍ക്കോ അറിയില്ലായിരുന്നു. പഠനത്തെ വിമുഖത പ്രകടിപ്പിക്കുന്ന വിഭാഗമായിരുന്നു ചോലനായ്ക്കര്‍. അന്ന് വിനോദ് അടക്കമുള്ള മൂന്ന് കുട്ടികളുമായാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അതാണ് അക്ഷരങ്ങളുടെ ലോകത്തേക്കെത്താന്‍ വിനോദിന് നിമിത്തമായതും.

ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് വിജയിച്ച കുട്ടി പഠനം അവസാനിപ്പിച്ചത് അറിഞ്ഞ് അധ്യാപകര്‍ കാടുകയറി വിനോദിന്റെ ഊരിലെത്തി. ഇവര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വിനോദ് ഉപരിപഠനത്തിന് തയാറായത്. പാലേമാട് ശ്രീവിവേകാനന്ദ കോളജിലായിരുന്നു ബിരുദപഠനം. ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി കുസാറ്റില്‍ അപ്ലൈഡ് ഇക്കണോമിക്സില്‍ എം ഫിലിനു ചേര്‍ന്നു. അതേ ഡിപ്പാര്‍ട്ട്മെന്റിലെ ഡോ. പികെ ബേബിക്ക് കീഴിലാണ് വിനോദ് ഗവേഷണത്തിനു ചേര്‍ന്നിരിക്കുന്നത്. ചോലനായ്ക്ക, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളെക്കുറിച്ചാണു പിഎച്ച്ഡി പഠനം. ചോലനായ്ക്കര്‍ കുട്ടികള്‍ക്ക് ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന്‌കൊണ്ട് അവരുടെ കൂടെ ജീവിച്ച് കൊണ്ട് പിഎച്ചഡ് ചെയ്യണം എന്ന് വിനോദ് പറയുന്നു.

Latest News