‘മസാല ബോണ്ടും ലണ്ടനിലെ മണിയടിയുമെല്ലാം പരിശോധിക്കും’;സംശയം ഉന്നയിച്ചവരെ പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്ന് വിഡി സതീശന്‍

കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. കിഫ്ബിയെ കുറിച്ച് സംശയങ്ങളും ഉത്കണ്ഠയും ആക്ഷേപവും ഉന്നയിച്ചവരെയെല്ലാം പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിഡി സതീശന്റെ പ്രതികരണം.

‘കിഫ്ബിയെക്കുറിച്ചും ഇഡി അന്വേഷിക്കുമെന്ന് വാര്‍ത്ത.അപ്പോള്‍ മസാല ബോണ്ട്, 9.72 ശതമാനം പലിശ,സിഡി പി ക്യു,ലണ്ടനിലെ മണിയടി, ഫെമാ നിയമത്തിന്റെ ലംഘനം,ഭരണഘടനയുടെ 293 (1) വകുപ്പ്,ഡോളര്‍ – രൂപ വ്യത്യാസം,
എല്ലാം പരിശോധിക്കപ്പെടും.കിഫ്ബിയെക്കുറിച്ച് സംശയങ്ങളും ഉത്കണ്ഠയും ആക്ഷേപവും ഉന്നയിച്ച വരെയെല്ലാം പരിഹസിച്ചവര്‍ വെള്ളം കുടിക്കും.’ എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

കിഫ്ബി മസാലബോണ്ടില്‍ ആരൊക്കെയാണ് പണം മുടക്കിയത്, എത്ര ശതമാനമാണ് ചെലവാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യൂ കൂഴല്‍ നാടന്‍ രംഗത്തെത്തിയിരുന്നു. സുതാര്യമാണെന്നും അഴിമതി രഹിതമാണെന്നും പറയുന്ന സര്‍ക്കാര്‍ അത് കേരള സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്നായിരുന്നു മാത്യൂ കുഴല്‍നാടന്‍ വെല്ലുവിളിച്ചത്.

കിഫ്ബി മസാല ബോണ്ടില്‍ ആര്‍ബിഐയില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഇഡി. ആര്‍ബിഐക്ക് ഇഡി കത്തയച്ചു. ആര്‍ബിഐയുടെ അനുമതിയോട് കൂടിയാണ് മസാല ബോണ്ടുകള്‍ വിദേശ വിപണിയില്‍ ഇറക്കിയതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിനാല്‍തന്നെ ആര്‍ബി ഐ സംസ്ഥാന സര്‍ക്കാരിന് മസാല ബോണ്ടുകള്‍ ഇറക്കാന്‍ കൊടുത്തിരിക്കുന്ന അനുമതി നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം തേടികൊണ്ടാണ് കത്തയച്ചിരിക്കുന്നത്.

Latest News