‘വീട്ടുപണി ചെയ്തില്ലെന്ന പേരില്‍ പിരിച്ചുവിട്ടു’; മാനന്തവാടി ഡിഎഫ്ഒയ്‌ക്കെതിരെ ഭിന്നശേഷിക്കാരനായ വാച്ചര്‍

വീട്ടുപണിക്ക് വിസമ്മതിച്ച ഭിന്നശേഷിക്കാരനായ താല്‍ക്കാലിക വാച്ചറെ മാനന്തവാടിയില്‍ ഡിഎഫ്ഒ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. 14 വര്‍ഷമായി വനം വകുപ്പില്‍ ജോലി ചെയ്യുന്ന താല്‍കാലിക വാച്ചറായിരുന്ന മുരളിയെ പുതുതായി ചാര്‍ജ്ജ് എടുത്ത നോര്‍ത്ത് വയനാട് ഡിഎഫ്ഒ പിരിച്ചു വിട്ടതായിയാണ് ആക്ഷപമുയരുന്നത്. കേള്‍വിക്ക് തകരാറുള്ള ഭിന്നശേഷിക്കാരനായ മുരളിയ്ക്കാണ് താല്‍കാലിക ജോലി നഷ്ടമായത്.

നോര്‍ത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയിയാണ് കണിയാമ്പറ്റ സ്വദേശിയായ മുരളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഡിഎഫ്ഒ തന്നെക്കൊണ്ട് വീട്ടുപണികള്‍ ചെയ്യിപ്പിച്ചിരുന്നെന്നും പിന്നീട് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ടതാണെന്നും മുരളി പറയുന്നു. ഹൃദ്രോഗി കൂടിയായ മുരളി മാസങ്ങള്‍ക്ക് മുന്‍പാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതില്‍ ചികിത്സ തുടരുന്നതിനിടയിലാണ് സംഭവം.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ് രംഗത്തുവന്നു. വീട്ടുജോലി ചെയ്യാത്തത് കൊണ്ടാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന മുരളിയുടെ ആരോപണം അടിസ്ഥാന രഹിതമായ കാര്യമാണെന്നാണ് ഡിഎഫ്ഒ യുടെ വിശദീകരണം.

Latest News