Love Jihad

മിശ്രവിവാഹിതര്‍ക്ക് അരലക്ഷം; ഐക്യം സംരക്ഷിക്കാന്‍ പ്രോത്സാഹനവുമായി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍: മിശ്രവിവാഹതിത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ രാജ്യത്തെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ നീക്കം നടത്തവെ അത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. രാജ്യത്ത് ഐക്യം നിലനിര്‍ത്താന്‍ വ്യത്യസ്ത ജാതികളില്‍പ്പെടുന്നവരും വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവരും തമ്മിലെ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് പാര്‍ട്ടി ഭരിക്കുന്ന മറ്റ് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വിരുദ്ധമായ നിലപാടെടുത്തിരിക്കുന്നത്.

2014 ലാണ് ഉത്തര്‍പ്രദേശ് അന്തര്‍ജാതീയ/ അന്തര്‍ധാര്‍മിക് വിവാഹ് പ്രോത്സാഹന്‍ നിയമാവലി, 1976ലെ നിയമം ഭേദഗതിചെയ്ത് ഇത്തരം ദമ്പതികള്‍ക്ക് നല്‍കിവരുന്ന ധനസഹായം പതിനായിരത്തില്‍ നിന്ന് അമ്പതിനായിരത്തിലേക്ക് വര്‍ദ്ധിപ്പിച്ചത്. 2000ലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഈ നിയമം ഉത്തരാഖണ്ഡ് സ്വീകരിക്കുന്നത്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരായ ദമ്പതികള്‍ക്ക് മാത്രമായിരിക്കും സഹായം ലഭിക്കുക. വിവാഹത്തിന് ഒരുവര്‍ഷത്തിന് ശേഷമായിരിക്കും ധനസഹായത്തിന് അപേക്ഷ നല്‍കാന്‍ കഴിയും.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ മതപരിവര്‍ത്തനത്തിലൂടെ വിവാഹിതരാകുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ബിജെപി ഭരണത്തിലുള്ള അഞ്ച് സംസ്ഥാനങ്ങള്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ്‌ മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ നീക്കം. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളാണ് മിശ്രവിവാഹം ലൗ ജിഹാദാണെന്ന നിലപാടെടുത്തത്‌.

ലൗ ജിഹാദ് തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുമെന്നും അതിന് ആന്റി ലൗ ജിഹാദ് ബില്‍ കൊണ്ടുവരുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനുപിന്നാലെയായിരുന്നു മറ്റ് സംസ്ഥാനങ്ങളും ഈ നീക്കത്തിലേക്ക് ചേര്‍ന്നത്.

Latest News