‘ഐസിയു അഡ്മിനും ട്രോള്‍ റിപബ്ലിക് അഡ്മിനും പൂജപ്പുര ജയിലില്‍’; പുതിയ പൊലീസ് നിയമഭേദഗതിയ്‌ക്കെതിരെ ട്രോള്‍ വിമര്‍ശനം

മലയാളത്തിലെ പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളാണ് ഐസിയുവും ട്രോള്‍ റിപബ്ലിക്കും. ഐസിയു അഡ്മിനെയും ട്രോള്‍ റിപബ്ലിക് അഡ്മിനെയും ഉള്‍പ്പെടുത്തി ഐസിയു ഗ്രൂപ്പില്‍ വന്ന ട്രോള്‍ ശ്രദ്ധയമായി. പുതിയ പൊലീസ് നിയമ ഭേദഗതിക്കെതിരെയാണ് ഈ ട്രോള്‍

പൂജപ്പുര ജയിലില്‍ കഴിയുന്ന ഐസിയു അഡ്മിന്‍ സഹതടവുകാരനായ ട്രോള്‍ റിപബ്ലിക് അഡ്മിനോട് ഓര്‍മ്മയുണ്ടോ പണ്ട് നമ്മള്‍ രാഷ്ട്രീയക്കാരെ തലങ്ങും വിലങ്ങും വിമര്‍ശിച്ചിരുന്ന ആ കാലം എന്ന് ചോദിക്കുന്നു. പിന്നേ മറക്കാന്‍ പറ്റുമോ എന്ന് ട്രോള്‍ റിപബ്ലിക് അഡ്മിന്‍ തിരികെ ചോദിക്കുന്നതാണ് ട്രോള്‍.

അന്ന് ട്രോളുകൾ ഉണ്ടാക്കി, ഇന്നിപ്പോൾ ജയിലിൽ ചപ്പാത്തി ഉണ്ടാക്കുന്നു..!!#icuchalu #plainjoke #currentaffairsCredits: Sreekanth Muraleedharan ©ICU

Posted by International Chalu Union – ICU on Sunday, 22 November 2020

ഈ ഭേദഗതിപ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണെന്ന് കേരള പൊലീസ് ആക്ട് 118 (എ) പറയുന്നു.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനം മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. ഈ നിയമം സൈബര്‍ ബുള്ളിയിങ്ങിനു മാത്രം ബാധകമായി മാത്രമല്ല പ്രയോഗിക്കപ്പെടുകയെന്ന ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 118 എ ക്രിയാത്മകമായ വിമര്‍ശനങ്ങളെയും മാധ്യമ റിപ്പോര്‍ട്ടിങ്ങിനെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശകരുടെ പക്ഷം. 118 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ ഉള്‍പ്പെടെയുള്ള ട്രോള്‍ കൂട്ടായ്മകളും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.