ISL 20-21

‘തടയാന്‍ നിക്കല്ലേ’; ബ്ലാസ്‌റ്റേഴ്‌സിന് വിജയമാശംസിച്ച് ടോട്ടനം; ബെയ്‌ലിനേയും ഹാരി കെയ്‌നേയും കടം ചോദിച്ച് ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസ നേര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പര്‍. ടോട്ടനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളത്തിലൂടെയാണ് മാസ് ഡയലോഗ് ഉള്‍പ്പെടുത്തിയ ആശംസ. സ്പര്‍സ് പരിശീലകന്‍ മൗറീഞ്ഞോ, താരങ്ങളായ ഗരെത് ബെയ്ല്‍, സണ്‍ തുടങ്ങിയവര്‍ തെങ്ങുകള്‍ പശ്ചാത്തലമായുള്ള ബീച്ചില്‍ നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. നവംബര്‍ 20ന് ആരംഭിക്കുന്ന ഐഎസ്എല്‍ 2020-21 സീസണിന് ആശംസകള്‍ എന്ന ഫഌക്‌സിന് മുന്നില്‍ മഞ്ഞ ജേഴ്‌സിലാണ് ടോട്ടനം ഫോര്‍വേഡ് സ്റ്റീവന്‍ ബെര്‍ഗ്വിന്നിന്റെ നില്‍പ്.

‘ഇടഞ്ഞ കൊമ്പനെ തടയാന്‍ നില്‍ക്കല്ലേ!’ 2020/21 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം നേടാന്‍ തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഞങ്ങളുടെ വിജയാശംസകള്‍.

ടോട്ടനം ഹോട്‌സ്പര്‍സ്

കേരളത്തില്‍ മാത്രം കാണാവുന്ന മലയാളം പോസ്റ്റില്‍ പ്രതികരണവുമായി ധാരാളം ആരാധകര്‍ രംഗത്തെത്തി. ഹാരി കെയ്‌നിനെ രണ്ട് മാസത്തേക്ക് കടം തരുമോ?, പേജിന്റെ അഡ്മിന്‍ മലയാളിയാണല്ലേ?, കപ്പ് ഇല്ലാത്ത ഞങ്ങടെ വിഷണം നിങ്ങക്ക് നല്ലോണം അറിയാമല്ലേ, ഇടഞ്ഞ കൊമ്പനെ കൂപ്പില്‍ പണിക്ക് നിര്‍ത്തിയിട്ടായാലും കടം വീട്ടിയിരിക്കും, ആ സണ്ണിനെ ഒരു കൊല്ലത്തേക്ക് തരുമോ?, എല്ലാ ഭാഷയിലും കൊടുത്തിട്ടുണ്ടാകും കൊച്ച് കള്ളന്മാര്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Latest News