മുപ്പത് വര്‍ഷത്തിന് ശേഷം അറാര്‍- ജദീദ അതിര്‍ത്തി തുറന്നു; നടപടി ഇറാഖ്- സൗദി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൗദി

മുപ്പത് വര്‍ഷത്തിന് ശേഷം അറാര്‍ അതിര്‍ത്തി തുറന്ന് നല്‍കി സൗദി അറേബ്യ. 1990ലെ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്ത് അടച്ചതാണ് അറാര്‍ അതിര്‍ത്തി. ഹുസ്സൈന്റെ കുവൈറ്റ് അധിനിവേശത്തെ തുടര്‍ന്ന് ഇറാഖ്- സൗദി ബന്ധം വഷളായതോടെയായിരുന്നു അതിര്‍ത്തി അടച്ചിരുന്നത്. മേഖലയില്‍ ഇറാന്റെ സ്വാധീനം കുറക്കാന്‍ ലക്ഷ്യം വെച്ച് ഇറാഖുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് സൗദി ഇപ്പോള്‍ ആഘോഷ പൂര്‍വം അതിര്‍ത്തി തുറന്ന് നല്‍കിയിരിക്കുന്നത്.

ഇറാഖുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 30 വര്‍ഷങ്ങള്‍ക്കു ശേഷം സൗദിയുടെ വടക്കന്‍ മേഖലയിലുള്ള അറാര്‍-ജദീദ അതിര്‍ത്തി ഇപ്പോള്‍ തുറന്നിരിക്കുന്നത്. സൗദി കിരീടാവകാശിയും ഇറാഖ് ഭരണാധികാരിയും ഈ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണ്ണായക നടപടി ഉണ്ടായിരിക്കുന്നത്. അതിര്‍ത്തി തുറക്കുന്നത് വടക്കന്‍ സൗദിയുടെ വ്യാപാര- സാമ്പത്തിക ഉന്നമനത്തിന് വഴി വെക്കുമെന്ന പ്രതീക്ഷയിലാണ് സൗദി.

തൊണ്ണൂറുകളില്‍ വഷളായ സൗദി-ഇറാഖ് ബന്ധത്തില്‍ സദാമിന്റെ മരണത്തിന് ശേഷവും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാല്‍ 2015-ല്‍ ബാഗ്ദാദില്‍ സൗദി എംബസി സ്ഥാപിച്ചതോടെയും 2017ലെ മന്ത്രിതല സന്ദര്‍ശനങ്ങളെയും തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകാന്‍ തുടങ്ങിരുന്നു. 2017 അതിര്‍ത്തി തുറക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല.

അതിര്‍ത്തി വീണ്ടും തുറക്കുന്നതിലൂടെ വ്യാപാര ബന്ധവും നയതന്ത്ര നീക്കങ്ങളും ത്വരിതപ്പെടുത്താന്‍ കഴിയുമെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്. മേഖലയിയെ ഇറാന്റെ സ്വാധീനം കുറക്കാനുള്ള സൗദി അജണ്ടയില്‍ ഇറാഖുമായുള്ള മെച്ചപ്പെട്ട ബന്ധം നിര്‍ണ്ണായകമാണ്.

Latest News