‘മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല… എന്റെ അയ്യന്‍, എന്റെ അയ്യന്‍’; എല്‍ഡിഎഫും യുഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയതില്‍ സുരേഷ് ഗോപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശബരിമല വിവാദം ഓര്‍മ്മിപ്പിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. യുഡിഎഫും എല്‍ഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിവാദവുമായി ബന്ധപ്പെടുത്തി പരോക്ഷ പരാമര്‍ശം നടത്തിയത്.

‘അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു, എന്റെ അയ്യന്‍… എന്റ അയ്യന്‍…’, സുരേഷ് ഗോപി പറഞ്ഞതിങ്ങനെ

സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ ഒരു മാനസിക മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാവണം അത്. എവിടെയൊക്കെ ബിജെപിക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്‍ട്ടിക്കാന്‍ പേടിക്കുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനായ അമ്മ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല ഇത്. അന്വേഷണത്തില്‍ ഒരു തീരുമാനമാകട്ടെ. എടുത്തുചാടി തീരുമാനം എടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൗവനം മുഴുവന്‍ സിനിമാ വ്യവസായത്തിന് വേണ്ടി സമര്‍പ്പിച്ച ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവര്‍ക്ക് അന്നത്തിനും മരുന്നിനും പണം നല്‍കുന്ന സംഘടനയാണിത്. അതിനാല്‍ അത്തരമൊരു സംഘടന നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Latest News