KIIFB Row

‘ചങ്ങാതിമാരേ, വെറും രൂപ ഭദ്രതാ വാദക്കാര്‍ ആകരുത്’; തന്നെ നവലിബറല്‍ എന്ന് വിളിക്കുന്നവരോട് തോമസ് ഐസക്

താന്‍ നവലിബറലാണെന്ന് പറയുന്നവര്‍ രൂപ ഭദ്രതാ വാദക്കാര്‍ ആകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഉള്ളടക്കമാണ് നോക്കേണ്ടത്. മോദിയുടെയും മന്‍മോഹന്‍ സിംഗിന്റെയും ധനനയത്തെ മറികടക്കാനുള്ള ഒരു സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റേത്. അതുകൊണ്ടാണ് ഇതിനെതിരെ സി&എജി, ഇഡി, സിബിഐ, എന്‍ഐഎ തുടങ്ങി സര്‍വ്വപേരും ഇറങ്ങിയിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന്റെ പുതിയ ഘട്ടത്തിന് തികച്ചും നൂതനമായ ഒരു ഫിനാന്‍സിംഗ് രീതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്നത്. നവലിബറല്‍ ചട്ടക്കൂടുമൂലം ബജറ്റിനെ ഈ വികസന പരിവര്‍ത്തനത്തിന് ഉപാധിയാക്കുന്നതിന് കര്‍ക്കശ പരിധികള്‍ ഉണ്ട്. ഈ പശ്ചാത്തലത്തില്‍ നവകേരളത്തിനു വേണ്ടിയുള്ള ബദല്‍ വിഭവ സമാഹരണ രീതിയാണ് കിഫ്ബിയും കേരള ബാങ്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.

ഇതിനെ ചൊല്ലിയാണ് ഞാന്‍ നവലിബറലാണെന്നു പറഞ്ഞ് ജനകീയാസൂത്രണ കാലത്തെന്നപോലെ ചില കൂട്ടര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാര്‍ ആകരുത്. ഉള്ളടക്കം നോക്കുക.

തോമസ് ഐസക്

കേരള ബാങ്കും കിഫ്ബിയും നവകേരള വിഭവസമാഹരണത്തിനുള്ള പരസ്പരപൂരക ബദല്‍ മാര്‍ഗ്ഗങ്ങളാണ്. സഹകരണ വാരാഘോഷത്തിന്റെ സമാപന ചടങ്ങിലെ എന്റെ പ്രഭാഷണത്തിലെ പ്രധാന ഭാഗങ്ങളും ധനമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

തോമസ് ഐസക്കിന്റെ കുറിപ്പ്

ഒന്ന്,

കേരളവികസനം ഒരു വഴിത്തിരിവിലാണ്. സാമൂഹ്യക്ഷേമ മേഖലയില്‍ കേരളം ഒന്നാമതാണ്. ഇനി ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ സേവന വളര്‍ച്ചയിലും ഒന്നാമതാകണം.

രണ്ട്, ഈ ലക്ഷ്യം നേടണമെങ്കില്‍ സ്വകാര്യ നിക്ഷേപത്തെ പുതിയ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിയില്‍ പശ്ചാത്തലസൗകര്യം സൃഷ്ടിക്കപ്പെടണം. പുതിയ സംരംഭകര്‍ക്കും സംരംഭങ്ങള്‍ക്കും നിക്ഷേപത്തിനുള്ള പണം ലഭ്യമാക്കണം. ആദ്യത്തെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത് കിഫ്ബിയാണ്. രണ്ടാമത്തേത് കേരള ബാങ്കും.
മൂന്ന്, എന്തുകൊണ്ട് കിഫ്ബി? സാമൂഹ്യക്ഷേമ ചെലവുകള്‍ക്കുശേഷം ആവശ്യമായ വിഭവം ബജറ്റില്‍ മിച്ചമായി ഉണ്ടാവില്ല. ഈ സ്ഥിതിവിശേഷത്തില്‍ ഭീമമായ പശ്ചാത്തലസൗകര്യ നിക്ഷേപം ഉറപ്പുവരുത്തുന്നതിനു ബജറ്റിനു പുറത്ത് വിഭവം കണ്ടെത്തിയേതീരൂ. അതിന് ഏറ്റവും അനുയോജ്യമായ നൂതന സ്ഥാപനമാണ് കിഫ്ബി. കാരണം വരുമാനദായകമല്ലാത്ത പ്രോജക്ടുകള്‍ക്കും പണം ലഭ്യമാക്കാം. അതോടൊപ്പം നാം ഇത്തരം പദ്ധതികള്‍ക്കായി സ്വീകരിക്കുന്ന ആന്വിറ്റി മോഡലിന്റെ ദുര്‍വ്വഹമായ ഭാരം ഒഴിവാക്കുകയും ചെയ്യാം. ഇത്തരം പ്രോജക്ടുകളുടെ ഇംപ്ലിസിറ്റ് പലിശ നിരക്ക് 1525 ശതമാനമാണ്.

നാല്,

പശ്ചാത്തലസൗകര്യ നിക്ഷേപം പുറത്തുനിന്നുള്ള വന്‍കിട നിക്ഷേപകരെ മാത്രമല്ല, അവരുടെ അനുബന്ധ സ്ഥാപനങ്ങളായും അല്ലാതെയും വലിയൊരു സംഖ്യ സൂക്ഷ്മചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കു രൂപം നല്‍കും. ആധുനിക സ്റ്റാര്‍ട്ട് അപ്പുകള്‍ ഇവയില്‍ പ്രധാനമാണ്. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് ന്യായമായ പലിശയ്ക്ക് കഠിനമായ ഈടുകളില്ലാതെ വായ്പ ലഭ്യമാക്കാന്‍ കേരള ബാങ്ക് സഹായിക്കും.

അഞ്ച്,

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ മൊത്തം ഡെപ്പോസിറ്റ് 1.6 ലക്ഷം കോടി രൂപയാണ്. കേരള ബാങ്കുമായി ബന്ധപ്പെട്ട എല്ലാവിധ ആധുനിക സങ്കേതങ്ങളും സേവനങ്ങളും പ്രാഥമിക സഹകരണ സംഘങ്ങളിലും ലഭ്യമാകുന്നതോടെ ഈ ഡെപ്പോസിറ്റുകള്‍ ഇനിയും കുതിച്ചുയരും. കേരള ബാങ്കിന് എന്‍ആര്‍ഐ ഡിപ്പോസിറ്റ് സ്വീകരിക്കാന്‍ അവകാശം കിട്ടുന്നതോടെ ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി അത് മാറും. എന്നുവച്ചാല്‍ കേരളത്തില്‍ നാം പ്രതീക്ഷിക്കുന്ന സംരംഭങ്ങള്‍ക്ക് കേരളത്തില്‍ നിന്നുതന്നെ വിഭവങ്ങള്‍ കണ്ടെത്താനാകും.

അങ്ങനെ കേരളത്തിന്റെ വികസനത്തിന്റെ പുതിയ ഘട്ടത്തിന് തികച്ചും നൂതനമായ ഒരു ഫിനാന്‍സിംഗ് രീതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്നത്. നവലിബറല്‍ ചട്ടക്കൂടുമൂലം ബജറ്റിനെ ഈ വികസന പരിവര്‍ത്തനത്തിന് ഉപാധിയാക്കുന്നതിന് കര്‍ക്കശ പരിധികള്‍ ഉണ്ട്. ഈ പശ്ചാത്തലത്തില്‍ നവകേരളത്തിനു വേണ്ടിയുള്ള ബദല്‍ വിഭവ സമാഹരണ രീതിയാണ് കിഫ്ബിയും കേരള ബാങ്കും.

ഇതിനെ ചൊല്ലിയാണ് ഞാന്‍ നവലിബറലാണെന്നു പറഞ്ഞ് ജനകീയാസൂത്രണ കാലത്തെന്നപോലെ ചില കൂട്ടര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാര്‍ ആകരുത്. ഉള്ളടക്കം നോക്കുക. മോദിയുടെയും മന്‍മോഹന്‍ സിംഗിന്റെയും ധനനയത്തെ മറികടക്കാനുള്ള ഒരു സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റേത്. അതുകൊണ്ടാണ് ഇതിനെതിരെ സി&എജി, ഇഡി, സിബിഐ, എന്‍ഐഎ തുടങ്ങി സര്‍വ്വപേരും ഇറങ്ങിയിരിക്കുന്നത്.

Latest News