ആ വയലിന്‍ തിരികെ നല്‍കണം; അത് ഒരു മനുഷ്യന്റെ ജീവശ്വാസമാണ്

കരയെ ചുംബിക്കാനെത്തുന്ന തിരമാലകളെ നോക്കി വയലിന്‍ തന്ത്രികള്‍ മീട്ടുന്ന അലോഷി ഫെര്‍ണാണ്ടസിനെ അറിയാത്തവര്‍ വിരളമാണ്. കൊല്ലം ബീച്ചിലെത്തുന്നവര്‍ക്ക് മുന്നല്‍ സ്വര്‍ഗസംഗീതം പൊഴിക്കുന്ന, അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന അലോഷി. അലോഷിയെ കടലാഴത്തോളമുള്ള ഏകാന്തതയിലേക്ക് തള്ളിവിട്ടത് ആരെന്നറിയാനുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍.

നിഷ്‌കളങ്കതയും വസന്തവും അലോഷിയുടെ വയലിന്‍ നാദത്തില്‍ അലിഞ്ഞ് ചേരുന്നു. നഷ്ടപ്പെട്ട് പോയ ജീവിതത്തെ ഓര്‍ത്ത് തിരമാലകളെ സാക്ഷി നിര്‍ത്തി വയലിന്‍ മീട്ടുന്ന അലോഷിക്ക് ഇന്ന് വയലിന്‍ കൂട്ടിനില്ല. സായാഹ്ന മയക്കത്തിനിടെ ആരോ തന്റെ പ്രാണനായ വയലിന്‍ മോഷ്ടിച്ചുവെന്ന് അലോഷി കണ്ണീരോടെ പറയുന്നു.

വയലിന്‍ മോഷ്ടിക്കപ്പെട്ടതോടെ അന്നത്തെ അന്നത്തിന് അന്യന് മുന്നില്‍ കൈ നീട്ടുകയാണ് കടലോരത്തിന്റെ പ്രിയപ്പെട്ട അലോഷി.

ആരായിരുന്നു അലോഷി?

ആ കഥ ഇങ്ങനെ സംഗ്രഹിക്കാം. പ്രായം 76, പഠിച്ചതും വളര്‍ന്നതും മുംബൈ നഗരത്തില്‍. വളരെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ സാങ്കേതിക വിഭാഗത്തില്‍ ജോലി ലഭിച്ചു. വിദേശ രാജ്യങ്ങളിലെ സൗഹൃദവും ആഡംബര ജീവിതവും കോടീശ്വരനായിരുന്ന അലോഷിയെ കൊണ്ടെത്തിച്ചത് ചൂതാട്ടത്തിലായിരുന്നു. ചൂതാട്ട കളത്തില്‍ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടു. കുടുംബ ബന്ധവും ശിഥിലമായി. ഒരു വയലിന്‍ മാത്രമായിരുന്നു അലോഷിയുടെ പിന്നീടുള്ള ഏക സമ്പാദ്യം.

അതിജീവനത്തിന് വയലിന്‍ സംഗീതം

കൊഴിഞ്ഞുപോയ ഭൂതകാല ഭ്രമങ്ങളെ മറികടക്കാന്‍ അലോഷിക്ക് കൂട്ടായിരുന്നതും വയലിനായിരുന്നു. വയലിന്‍ വായിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അലോഷി പട്ടിണിയെ മറികടന്നത്.

ഇന്ന് ആ വയലിനും അലോഷിക്ക് നഷ്ടമായിരിക്കുന്നു. വയലിന്‍ നഷ്ടമായെങ്കിലും അലോഷി ബീച്ചില്‍ തന്നെയുണ്ട്. നഷ്ടപ്പെട്ട് പോയ വയലിന്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍. പൊലീസോ സുമനസ്സുകളോ ഇടപ്പെട്ടാല്‍ തന്റെ വയലിന്‍ തിരികെ ലഭിക്കും. അല്ലെങ്കില്‍ പുതിയ ഒരു വയലിന്‍ കിട്ടിയേക്കുമെന്ന പ്രതീക്ഷയും അലോഷി പങ്കുവച്ചു.

ആളും ആരവവും ഇല്ലാത്ത ബീച്ചില്‍ വലപ്പോഴും എത്തുന്നവര്‍ക്ക് തിരമാലകളുടെ കാവല്‍ക്കാരനായി ഇരിക്കുന്ന അലോഷിയെ കാണാന്‍ കഴിയും. ആരുമില്ലാത്തപ്പോള്‍ നഷ്ടമായ ജീവിതത്തിന്റെയും ഏക സമ്പാധ്യമായ വയലിന്റെയും കഥകള്‍ കടലിനോട് പറഞ്ഞു തീര്‍ക്കുകയാണ് അലോഷി.

Latest News