കാളീപൂജയില്‍ പങ്കെടുത്തതിന് വധഭീഷണി; മാപ്പുപറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍

കാളീപൂജയില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വധഭീഷണിയ്ക്ക് പിന്നാലെ മാപ്പുപറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസന്‍. കാളീ പൂജയില്‍ പങ്കെടുക്കുന്നതുവഴി താരം മതത്തെ അവഹേളിച്ചുവെന്നാരോപിച്ച് വധഭീഷണി നിലനിന്നിരുന്നു. ഷാക്കിബിനെ വെട്ടിക്കൊലപ്പെടുത്തുമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ വധഭീഷണി. ഇക്കഴിഞ്ഞ നവംബര്‍ 12ന് ഷാക്കിബ് കൊല്‍ക്കത്തയിലെ കാളിപൂജ ഉദ്ഘാടനത്തില്‍ പങ്കെടുത്തുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു താരത്തിനെതിരെ വധഭീഷണിയുയര്‍ന്നത്. എന്നാല്‍ മാധ്യമങ്ങളില്‍ പറയുന്നതുപോലെ താന്‍ പൂജയുടെ ഉദ്ഘാടനത്തിനായിയല്ല അവിടെ പോയതെന്നും എങ്കിലും തന്റെ അവിടുത്തെ സാന്നിധ്യം ആരുടേയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ഷാക്കിബ് അല്‍ ഹസന്‍ വ്യക്തമാക്കി.

‘ഒരുപക്ഷേ താനൊരിക്കും ആ സ്ഥലത്ത് പോകരുതായിരുന്നു. എനിക്കെതിരാകാന്‍ നിങ്ങള്‍ക്കുള്ള കാരണമതാണെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നു. ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കുന്നു. മുസ്‌ലിമായതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. തെറ്റുപറ്റിയിരിക്കാം. പറ്റിയിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ നിങ്ങളോട് മാപ്പുചോദിക്കുകയാണ്’, യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ താരം പറഞ്ഞു.

ബംഗ്ലാദേശിലെ സില്‍ഹറ്റില്‍ നിന്നുള്ള മുഹ്‌സിന്‍ തലൂക്ദാര്‍ എന്ന യുവാവാണ് ഫേസ്ബുക്ക് ലൈവിലൂടെ താരത്തിനെതിരെ വധഭീഷണി മുഴക്കിയത്. കാളിപൂജ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ദൈവനിന്ദ നടത്തിയ ഷാക്കിബിനെ കൊലപ്പെടുത്തുമെന്നും അതിനായി വേണമെങ്കില്‍ ധാക്കവരെ നടന്നു വരുമെന്നുമായിരുന്നു ഭീഷണി. എന്നാല്‍ അടുത്ത ദിവസം ഇയാള്‍ മാപ്പു പറഞ്ഞ് മറ്റൊരു വീഡിയോയും പോസ്റ്റുചെയ്തു. രണ്ട് വീഡിയോയും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മുഹ്‌സിന്‍ ലഹരിയ്ക്കടിമയാണെന്നാണ് കുടുംബത്തിന്റെ പ്രതികരണം. മുഹ്‌സിനെ ബംഗ്ലദേശ് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

വാതുവെയ്പ് വിവാദത്തില്‍ രണ്ടുവര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്കിലായിരുന്ന താരം വിലക്കുകാലാവധി പൂര്‍ത്തിയാക്കി തിരിച്ചുവരവിന് തയ്യാറാകുമ്പോഴാണ് പുതിയ വിവാദം. ഒത്തുകളിക്കായി വാതുവയ്പ്പുകാര്‍ രണ്ടുവട്ടം സമീപിച്ചിട്ടും വിവരം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലായിരുന്നു ഐസിസി വിലക്ക്.

Latest News