ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാന്‍ സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും; മുടക്കുന്നതെത്രയെന്നതില്‍ വ്യക്തതയില്ല

റീട്ടെയില്‍ വിപണന രംഗത്ത് രാജ്യാന്തരതലത്തില്‍ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാനുള്ള ചര്‍ച്ചയുമായി സൗദി അറേബ്യയിലെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രംഗത്തെത്തി. സൗദി അറേബ്യ കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പൊതുനിക്ഷേപ നിധിയാണ് ഓഹരി വാങ്ങാനുള്ള ചര്‍ച്ചയുമായി രംഗത്തെത്തിയിരിക്കുന്നത്.

ലുലുവിന്റെ നിശ്ചിത ശതമാനം ഓഹരി വാങ്ങാനുള്ള ചര്‍ച്ചകളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് ഇതുവരെയും യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രൂപവല്‍ക്കരിച്ചിട്ടുള്ള പി ഐഎഫ് വഴിയാണ് സൗദിയിലേക്ക് ആഗോള നിക്ഷേപ കമ്പനികളെത്തുന്നത്. ഇതിന്റെ ഭാഗമായാണ് ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാനുള്ള ശ്രമവും. 55,800 കോടി രൂപയുടെ ആസ്തിയാണ് ലുലു ഗ്രൂപ്പിനുള്ളത്.

ആഗോള തലത്തില്‍ 22 രാജ്യങ്ങളിലായി 194 ഹൈപര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 55,000 ജീവനക്കാര്‍ ഈ ശൃംഖലയില്‍ ജോലിയെടുക്കുന്നു. റീട്ടെയില്‍ ബിസിനസിന് പുറമെ ഭക്ഷ്യ, ഹോസ്പിറ്റാലിറ്റി മേഖലയിലും ലുലു ഗ്രൂപ്പിന്റെ സാന്നിദ്ധ്യമുണ്ട്. വ്യവസായ പ്രമുഖനായ എംഎ യൂസുഫലിയാണ് ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍. അതിവേഗത്തിലായിരുന്നു രാജ്യാന്തര റീട്ടെയില്‍ രംഗത്തെ ലുലു ഗ്രൂപ്പിന്റെ വളര്‍ച്ച. ഇത് തന്നെയാണ് പിഐഎഫിനെ ആകര്‍ഷിക്കുന്നതും. എത്ര ഓഹരി വാങ്ങുമെന്നും എത്ര തുക ലുലു ഗ്രൂപ്പില്‍ നിക്ഷേപിക്കുമെന്നും പിഐഎഫ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. പി ഐഎഫിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Latest News