തൊണ്ടയില്‍ കുരുങ്ങുന്നു, ‘മകളേ’ എന്ന നിലവിളി

നഗരത്തില്‍ ഒരു അനീതിയുണ്ടായല്‍ സൂര്യനസ്തമിക്കുന്നതിന് മുന്‍പ് അവിടെ ഒരു കലാപമുണ്ടാകണം. അല്ലെങ്കില്‍ രാത്രിയ്ക്ക് മുന്‍പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്..ബ്രഹ്ത്തിന്റെ വാക്കുകളാണ്. വേണ്ടത്ര അര്‍ത്ഥമറിയാതെ അതിവൈകാരികമായി പലയിടത്തും ഞാനിത് ക്വോട്ട് ചെയ്തിട്ടുണ്ട് എന്റെ യൗവ്വനകാലത്ത്. എന്നാല്‍ അന്നൊന്നുമില്ലാത്തവണ്ണം അതിന്റെ വികാരത്തെ പരിപൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ഞാന്‍ ഇപ്പോള്‍ ഒരു കലാപം ആഗ്രഹിക്കുന്നു. ദളിതരും ദരിദ്രരും അടിമകളുമായ മനുഷ്യര്‍ യുപിയിലെ തെരുവുകളിലൂടെ ഒരു കലാപം നയിക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു. ഉണങ്ങിയ മുളം കാടുകളില്‍ കാട്ടുതീ എന്നതുപോലെ ഇന്ത്യ മുഴുവന്‍ അത് ആളിപ്പടര്‍ന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ സത്യമായും ആഗ്രഹിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യന്റെ ആഗ്രഹമാണ്, നടക്കില്ല എന്ന് അറിയാമെങ്കിലും വെറുതേ മോഹിച്ചുപോകുന്ന ഒന്ന്.

സ്വന്തം മകളെ സുരക്ഷിതമായി വളര്‍ത്തുകയും സമൂഹത്തിലെ മദ്ധ്യവര്‍ഗ്ഗ പ്രിവിലേജുകള്‍ അനുഭവിക്കുകയും ചെയ്തുകൊണ്ട് ആ പെണ്‍കുട്ടിയെ പ്രതി സങ്കടങ്ങള്‍ എഴുതി വെക്കുവാന്‍ എനിക്ക് ലജ്ജ തോന്നുന്നു. മകളേ.. എന്ന് ഒരു നിലവിളി തൊണ്ടയില്‍ കുരുങ്ങുന്നുണ്ട് എങ്കിലും അത് പ്രകടിപ്പിക്കുവാന്‍ എനിക്ക് എന്ത് യോഗ്യതയാണ് എന്ന ധര്‍മ്മസങ്കടം എന്നെ വലക്കുന്നു. സങ്കടവും കോപവും നിസ്സഹായതയും ചേര്‍ന്ന് എന്നെ ശ്വാസം മുട്ടിക്കുന്നു. ഉറക്കമില്ലാത്ത രാത്രി എന്നത് ഒരു ക്ലീഷേ പ്രയോഗമാണ് എങ്കിലും ആ പെണ്‍കുട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഉറങ്ങാനാവുന്നില്ല ഇന്ന്.

പത്തൊന്‍പത് വയസായ ഒരു മകളെ ഓര്‍ത്തു നോക്കൂ..നിങ്ങളുടേയോ, നിങ്ങള്‍ക്ക് പരിചയമുള്ള ആരുടെയെങ്കിലുമോ ഒരു മകളെ..വെള്ളിച്ചില്ല് പോലെ ചിതറുന്ന അവളുടെ ആഹ്ലാദച്ചിരികളെ, അവളുടെ പരിഭവങ്ങളെ, പിണക്കങ്ങളെ, അവനവനെ ശ്രദ്ധയോടെ ചമക്കുവാന്‍ അവളെ പ്രേരിപ്പിക്കുന്ന, നാം ‘ക്രഷ് ‘എന്ന് വിളിക്കുന്ന അവളുടെ ചില അഭിനിവേശങ്ങളെ, അവളുടെ വര്‍ത്തമാനങ്ങളെ ,ചിലനേരങ്ങളില്‍ നമ്മിലേക്ക് ഓടി വന്ന് അഭയം തേടുന്ന അവളിലെ ശിശുവിനെ..
തെളിനീരുറവയുള്ള ഒരു കാട്ടുചോലയുടെ ഹരിതതീരം പോലെയാണ് പെണ്‍കുഞ്ഞുങ്ങളുള്ള വീടുകള്‍, സദാ സന്തോഷം നുരയുന്ന ആഹ്ലാദ സമ്പന്നമായ പച്ചത്തുരുത്തുകള്‍. അങ്ങനെയൊരു മകളാണ് അതിക്രൂരമാം വിധം കൊലചെയ്യപ്പെട്ടത്. ഭീകരമാം വിധത്തില്‍ പിച്ചിചീന്തപ്പെട്ടു ആ ശരീരം. കഴുത്തും നട്ടെല്ലും തകര്‍ന്ന് പോകും വിധം അവള്‍ ആക്രമിക്കപ്പെട്ടു.

സ്വന്തം വീടിനു തൊട്ടടുത്ത് അമ്മയോടും സഹോദരനോടുമൊപ്പം കന്നുകാലികള്‍ക്ക് പുല്ല് മുറിക്കാന്‍ പോയതായിരുന്നു അവള്‍. സഹോദരന്‍ വെള്ളമെടുക്കാന്‍ പോയ സമയത്ത്, അമ്മയുടെ ശ്രദ്ധ ഇത്തിരി തെറ്റിയ നേരത്ത് ഒരു ഇരപിടിയന്‍ പരുന്ത് മുയല്‍ കുഞ്ഞിനെ റാഞ്ചും പോലെ അവര്‍ അവളെ ആളുയരം വളര്‍ന്ന ബജ്ര വയലിന്റെ മറവിലേക്ക് വലിച്ചിഴക്കുകയായിരുന്നു. കേള്‍വിക്കുറവുള്ള ആ അമ്മയുടെ ചെവിയിലേക്ക് അവളുടെ കരച്ചിലുകള്‍ ചെന്നെത്തിയില്ല. അവള്‍ക്ക് ദാഹിക്കുന്നുണ്ടായിരുന്നു, അവള്‍ക്ക് വെള്ളമെടുക്കാനായിരുന്നു സഹോദരന്‍ വീട്ടിലേക്ക് പോയത്. നരകപ്പിശാചുകളായ ഒരു കൂട്ടം അക്രമികളുടെ വികൃത ദാഹം അവള്‍ക്ക് മേല്‍ ക്രൂരമായി പ്രയോഗിക്കപ്പെടുമ്പോള്‍ ആ കുട്ടിക്ക് ദാഹിക്കുന്നുണ്ടായിരുന്നു.

എന്തായിരുന്നു അവള്‍ ചെയ്ത തെറ്റ്? ബലാത്സംഗങ്ങളില്‍ ആളുകള്‍ സാധാരണ പറയും പോലെ അവള്‍ ഒറ്റക്കിറങ്ങി നടന്ന അഹങ്കാരിയായിരുന്നില്ല, നിങ്ങള്‍ പറയുന്ന ആ ‘അസമയം’ ആയിരുന്നില്ല അത്, പുരുഷനെ പ്രലോഭിപ്പിക്കും വിധം അവള്‍ വസ്ത്രം ധരിച്ചിരുന്നില്ല..ഇന്ത്യയെന്ന മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രത്തില്‍ ഒരു ദളിത സമുദായത്തില്‍ ജനിച്ചു പോയി എന്നത് മാത്രമാണ് അവള്‍ ചെയ്ത കുറ്റം. അയല്‍ക്കാരായ താക്കൂര്‍ കുടുംബവുമായി അവള്‍ ജനിക്കുന്നതിന് മുന്നേ തന്നെ അവളുടെ മുത്തച്ഛന്‍ കലഹത്തിലായിരുന്നു എന്നതാണ് അവള്‍ ചെയ്ത കുറ്റം. വാത്മീകി വംശത്തില്‍ പിറന്ന അവളുടെ സഹോദരങ്ങള്‍ വിദ്യാഭ്യാസം നേടുകയും ഗ്രാമത്തിന് പുറത്ത് ജോലി നേടുകയും ചെയ്തിരുന്നു എന്നതായിരുന്നു അവള്‍ ചെയ്ത കുറ്റം.

പഴയ തലമുറയിലേപ്പോലെ താക്കൂര്‍മാരേയും ബ്രാഹ്‌മണന്മാരേയും കാണുമ്പോള്‍ അവര്‍ എഴുന്നേറ്റ് നില്‍ക്കാറില്ലായിരുന്നു എന്നതാണ് അവള്‍ ചെയ്ത കുറ്റം. യുപിയില്‍ ബലാത്സംഗമെന്നാല്‍ ഒരു ശിക്ഷാരീതിയാണ്. കാമവെറി പൂണ്ട മാനസികരോഗികളുടെ അക്രമം എന്നതിനേക്കാള്‍ അത് ഒരു ശിക്ഷയും താക്കീതുമാണ്. ആണധികാരവും ജാതിയും ഭരണാധികാരവും ചേര്‍ന്ന് ദളിതരും ദരിദ്രരുമായ മനുഷ്യര്‍ക്ക് മേല്‍ നടപ്പിലാക്കുന്ന അതിനികൃഷ്ടമായ ഒരു ശിക്ഷാരീതിയാകുന്നു അത്, ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയാണ് എന്ന അഹന്ത നിറഞ്ഞ ഒരു താക്കീതും.

വാത്മീകി എന്നത് അയോഗ്യതയാകുന്ന ഒരു രാമരാജ്യം എന്നത് എത്ര ആഭാസമാണ്? വാത്മീകി ഗോത്രത്തില്‍ പിറന്നു എന്നത് കൊണ്ട് മാത്രം ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയോട് അത്രയും ക്രൂരത കാട്ടിയ പ്രതികളുടെ പേരുകള്‍ ശ്രദ്ധിക്കൂ..അതില്‍ രാമനും, ലവ-കുശന്മാരുമുണ്ട്. ‘മാനിഷാദ ‘എന്ന് ആരോടാണ് സത്യത്തില്‍ നമ്മള്‍ പറയേണ്ടത്? കാട്ടാളത്തരം എന്നത് ഒരുവനില്‍ വന്നുചേരുന്നത് ജന്മം കൊണ്ടോ ജന്മാനന്തര കര്‍മ്മം കൊണ്ടോ? നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന ആ ഹിന്ദുരാജ്യം ഏത് തരം ഹിന്ദുക്കളുടെയാണ് എന്ന് ഒന്ന് ആലോചന ചെയ്യുന്നതിനും ഈ അവസരം നല്ലതാണ്.

അക്രമികളേക്കാള്‍ അവളോടും അവളുടെ പ്രിയപ്പെട്ടവരോടും ദയാരഹിതമായത് അവരെ രക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു ഭരണകൂടമാണ് എന്നതാണ് നമ്മെ കൂടുതല്‍ രോഷം കൊള്ളിക്കേണ്ടത്. നട്ടെല്ല് തകര്‍ന്നുപോയ ആ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് ഒരു ബൈക്കിലാണ്. കള്ളപ്പരാതിയെന്നും അഭിനയമെന്നും പറഞ്ഞ് മരണാസന്നയായ അവളെ കൈയ്യൊഴിഞ്ഞത് നിയമപാലകരായ പൊലീസാണ്. പൊലീസ് കേസുണ്ട് എന്ന കാരണത്താല്‍ ആശുപത്രിയില്‍ എടുക്കാതിരുന്നത്, സമയത്ത് മൊഴിയെടുക്കാതിരുന്നത്, ലൈംഗികപീഡനം നടന്നുവോ എന്ന് പരിശോധനക്ക് തയ്യാറാവാതിരുന്നത്..ഏറ്റവുമൊടുവില്‍ ഒരു തെരുവുനായയുടെ ജഢത്തോട് കാണിക്കുന്ന ആദരവുപോലുമില്ലാതെ അവരുടെ പ്രിയപ്പെട്ട മകളെ കത്തിച്ചു കളഞ്ഞത് എല്ലാം അവരുടേത് കൂടി എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ്.

സങ്കടങ്ങള്‍ കേള്‍ക്കാന്‍ ചെവികളില്ലാത്ത നാട്ടിലാണ് നമ്മള്‍ കലാപങ്ങള്‍ ചെയ്യേണ്ടത്. ഞങ്ങള്‍ക്ക് പറയാനുള്ളത് കേട്ടിട്ട് പോയാല്‍ മതി അവരെ ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് നീക്കി നിര്‍ത്തേണ്ടത്. അധികാരപ്പെട്ടവര്‍ ദുരുപയോഗം ചെയ്ത് മൂര്‍ച്ച കളയുമ്പോഴാണ് നിയമം എന്ന ആയുധത്തെ ജനങ്ങള്‍ കൈയ്യിലെടുക്കേണ്ടത്.

Latest News