കുറുക്കുവഴികള്‍ തേടുന്നതിന് പകരം കോണ്‍ഗ്രസ് ഒരു നീണ്ട പോരാട്ടത്തിന് തയ്യാറാകണം; സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃപ്രതിസന്ധിയില്ലെന്നും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നീ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ ഓരോരുത്തരുടെയും വാദങ്ങള്‍ അവതരിപ്പിക്കാന്‍ മതിയായ വേദികളുണ്ട്. തനിക്ക് അവസരമുണ്ടായിരുന്നു. അവര്‍ക്കും അവസരമുണ്ടായിരുന്നു. നേതൃത്വം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന വാദം എവിടെ നിന്നാണ് ഉയരുന്നത് എന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

വിശകലനം നല്ലതാണ്. അഭിപ്രായം പറയുന്ന ഈ ആളുകള്‍ കൂടി ഉള്‍പ്പെടുന്ന നേതൃത്വം എവിടെയാണ് തെറ്റുപറ്റിയത്, എങ്ങനെ മെച്ചപ്പെടുത്താം എന്ന് വിശകലനം ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് പൊതുവേദിയില്‍ പറയേണ്ട കാര്യമല്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

മുഴുവന്‍ സമയ അദ്ധ്യക്ഷന്‍ എന്ന ആവശ്യം ഉയര്‍ത്തുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. ആരും അകന്നിട്ടില്ല. ഓരോരുത്തരെ എന്തിനാണ് ലേബല്‍ ചെയ്യുന്നത്. ബിഎസ്പിക്ക് അദ്ധ്യക്ഷനില്ല. ഇടത് പാര്‍ട്ടികള്‍ക്കും അദ്ധ്യക്ഷനില്ല. ജനറല്‍ സെക്രട്ടറി മാത്രമാണുള്ളത്. എല്ലാ പാര്‍ട്ടികളും ഒരേ മാതൃക തന്നെ തുടരണമെന്നില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കുറുക്കുവഴികള്‍ തേടുന്നതിന് പകരം കോണ്‍ഗ്രസ് ഒരു നീണ്ട പോരാട്ടത്തിന് തയ്യാറാകണം. അധികാരം നഷ്ടപ്പെടുമ്പോള്‍ നമ്മള്‍ എന്തിനാണ് ആശങ്കപ്പെടുന്നത്. അധികാരത്തില്‍ പെട്ടന്ന് തിരിച്ചെത്താനായില്ലെങ്കിലും നമ്മള്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കണം. രാഷ്ട്രീയം ഒരു ലക്ഷ്യത്തോടുള്ള അഭിനിവേശമാണ്. അത് അധികാരത്തിനുള്ള യോഗ്യതയല്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.