ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കൊവിഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കൊവിഡ്. നിലയ്ക്കലില്‍ നിര്‍ബന്ധമാക്കിയിരിക്കുന്ന ആന്റിജന്‍ പരിശോധനയിലാണ് തമിഴ്‌നാട് സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ റാന്നി കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് (സിഎഫ്എല്‍ടിസി) മാറ്റി. ഇദ്ദേഹം ഒറ്റയ്ക്കാണ് ദര്‍ശനത്തിനെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

48 മണിക്കുറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്നും അതല്ലെങ്കില്‍ നിലയ്ക്കലുള്ള കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നുമാണ് ഭക്തര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞദിവസമാണ് ശബരിമല ക്ഷേത്രനട തുറന്നത്. സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കുന്നില്ല, ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം തുടങ്ങി കര്‍ശന നിയന്ത്രണങ്ങളോടെയാണ് നട തുറന്നത്.

Latest News