എഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചു; ഡിസംബറില്‍ മടങ്ങിവരവിനൊരുങ്ങി ശ്രീശാന്ത്

ഒത്തുകളി ആരോപണത്തെതുടര്‍ന്ന് ഏഴുവര്‍ത്തെ വിലക്കിലായിരുന്ന മുന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്താനൊരുങ്ങുന്നു. ഒത്തുകളി കേസില്‍ ബിസിസിയുടെ ആജീവനാന്ത വിലക്ക് ലഭിച്ച താരം കോടതി വിധിയിലൂടെ വിലക്ക് ഏഴ് വര്‍ഷത്തേക്കായി കുറച്ചിരുന്നു. 2020 സെപ്റ്റംബറില്‍ ഈ വിലക്കിന്റെ കാലാവധി അവസാനിച്ചതോടെ തുടര്‍ന്ന് കളിക്കാനുള്ള അനുമതിയായതോടെയാണ് തിരിച്ചുവരവ്. ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്സ് ടി-ട്വന്റി ടൂര്‍ണമെന്റിലൂടെ ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള ടീമിലൂടെ ദേശീയ ടീമിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് ഇതിനകം ശ്രീശാന്തും വ്യക്തമാക്കികഴിഞ്ഞിട്ടുണ്ട്. അതിനാല്‍തന്നെ തന്റെ തിരിച്ചുവരവ് മത്സരത്തിലൂടെ ഏഴുവര്‍ഷത്തെ ഇടവേള നികത്താനുള്ള പരിശീലനത്തിലാണ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിലേക്കുള്ള മലയാളി താരത്തിന്റെ മടങ്ങിവരവ് കാത്തിരിക്കുന്ന ആരാധകരും ടൂര്‍ണമെന്റിന്റെ താരമായി ശ്രീശാന്ത് മാറുമെന്ന് പ്രതീക്ഷയിലാണ്. ഇതുവരെ തിയതി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ടൂര്‍ണമെന്റ് കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.

ഇന്ത്യയ്ക്കുവേണ്ടി 27 ടെസ്റ്റുകളിലും 53 ഏകദിന മത്സരങ്ങളിലും പത്ത് ടി-ട്വന്റി മത്സരങ്ങളിലും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 2007ലെ ടി-ട്വന്റി ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും നേടിയിട്ടുള്ള താരം 7 വിക്കറ്റാണ് ടി-ട്വന്റികയില്‍ ഇന്ത്യയ്ക്കായി വീഴ്ത്തിയത്. 2011ലെ ഇംഗ്ലണ്ട് സീരീസിലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. 2013ല്‍ ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി ക്രീസിലിറങ്ങിയത്.

Latest News