കോഹ്ലിയോ രോഹിത്തോ?; അഭിപ്രായവുമായി ആകാശ് ചോപ്രയും ഷുഹൈബ് അക്തറും

ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര ആരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍സി തര്‍ക്കത്തില്‍ ഉത്തരം കണ്ടെത്താനാവാതെ ക്രിക്കറ്റ് ലോകം. മുന്ന് ടെസ്റ്റ് മത്സരങ്ങളും മുന്ന് ടി-ട്വന്റി മത്സരങ്ങളുമടങ്ങുന്ന പരമ്പരയില്‍ ഇരുതാരങ്ങളുടെയും മുഴുനീള സാന്നിധ്യമുണ്ടാകില്ല എന്നിരിക്കെയാണ്‌ ചര്‍ച്ചകള്‍ തുടരുന്നത്. ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന കോഹ്ലി ടി-ട്വന്റി മത്സരങ്ങള്‍ക്കും ആദ്യ ടെസ്റ്റ് മത്സരത്തിനും ശേഷം മടങ്ങുമ്പോള്‍ ഫിറ്റ്‌നെസ്സ് പ്രശ്‌നങ്ങള്‍ നേരിടുന്ന രോഹിത്ത് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണുണ്ടാവുക.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങള്‍ ഇല്ലാതെ ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ ടീമിനെ കൂടുതല്‍ ബാധിക്കുക കോഹ്ലിയുടെ അഭാവമായിരിക്കുമെന്ന അഭിപ്രായമാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയ്ക്കുള്ളത്. ഇന്ത്യയ്ക്ക് രണ്ടു കണ്ണുകള്‍ പോലെയാണ് രോഹിത്തും കോഹ്ലിയും. ഐപിഎല്ലിലെ വിജയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ രോഹിത്തിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന് തെളിഞ്ഞും കഴിഞ്ഞു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം ടെസ്റ്റിനാണ്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയുമായുള്ള മത്സരത്തില്‍ കോഹ്ലിയില്ലാത്തത് വെല്ലുവിളിയാകും. അതിനാല്‍തന്നെ കോഹ്ലിയുടെ അഭാവമായിരിക്കും പ്രധാനപ്പെട്ടതെന്നും ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം എല്ലാ ഫോര്‍മാറ്റുകളിലും കോഹ്ലി ക്യാപ്റ്റനായി തുടരുന്നതിനെപ്പറ്റിയാണ് പാകിസ്താന്‍ മുന്‍ പേസ് ബൗളര്‍ ഷുഹൈബ് അക്തര്‍ ചര്‍ച്ച ചെയ്യുന്നത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലെത്തിച്ച രോഹിത്തിന് കോഹ്ലി ടി-ട്വന്റി ക്യാപ്റ്റന്‍സി കൈമാറണമെന്നാണ് അക്തറിന്റെ അഭിപ്രായം. ടീമിനെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് കോഹ്ലിയുടെ ലക്ഷ്യമെങ്കിലും തളരുമ്പോള്‍ നായകസ്ഥാനം കൈമാറുന്നതാണ് നല്ലതെന്ന് അക്തര്‍ പറയുന്നു. ഐപിഎല്ലില്‍ ആര്‍സിബിയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ കോഹ്ലി പലപ്പോളും അസ്വസ്ഥനായി കാണപ്പെട്ടപ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍സിയ്ക്കായി തയ്യാറായ പോലെയായിരുന്നു രോഹിത്തെന്നും അക്തര്‍ കൂടിച്ചേര്‍ത്തു. ടെസ്റ്റ് പരമ്പരകളില്‍ കോഹ്ലി മടങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിനായിരിക്കുമെന്ന പ്രതീക്ഷയും താരം മുന്നോട്ടുവയ്ക്കുന്നു.

Latest News