Indian Cricket

‘ആരുടേയും അഭിപ്രായം എന്നെ ബാധിക്കുന്നില്ല’; ഫോമിലല്ലെന്ന ആരോപണത്തില്‍ രോഹിത് ശര്‍മ

ഓസ്‌ട്രേലിയന്‍ സീരീസിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ അഭ്യൂഹങ്ങളുണ്ടാക്കുന്ന വിഷയങ്ങളില്‍ ഒന്നായിരിക്കും രോഹിത് ശര്‍മയുടെ പരിക്ക്. പരിക്കുമൂലം ഫോം നഷ്ടപ്പെട്ട രോഹിത്തിനെ ഓസ്‌ട്രേലിയന്‍ സീരീസില്‍ നിന്ന് ആദ്യം പൂര്‍ണ്ണമായി മാറ്റിനിര്‍ത്തുകയും പിന്നീട് അത് ടി-ട്വന്റി മത്സരങ്ങളില്‍ നിന്ന് മാത്രമാക്കുകയും ചെയ്ത നടപടിയില്‍ ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളിലും നിന്നും വിവിധ തലത്തിലുള്ള പ്രതികണങ്ങളാണുണ്ടായത്.

എന്നാല്‍ പുറത്തുനടക്കുന്ന ഈ ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും മനസിലാകുന്നില്ല എന്ന പ്രതികരണമാണ് രോഹിത് ശര്‍മ നടത്തുന്നത്. കഴിഞ്ഞദിവസം വിഷയത്തില്‍ പിടിഐയോട് പ്രതികരിച്ച താരം തന്റെ പരിക്കിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ യഥാര്‍ഥത്തില്‍ തന്നെ ബാധിക്കുന്നില്ല എന്ന് പറഞ്ഞു.

ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രഖ്യാപനമെങ്കിലും രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ താരം പരമ്പരയില്‍ മത്സരിക്കാനുള്ള ഫോമിലല്ല എന്നാണ്‌. എന്നാല്‍ ഇത്തരം പ്രചരണങ്ങളെക്കുറിച്ചോ അതിന്റെ പശ്ചാത്തലത്തെക്കുറിച്ചോ തനിക്കൊന്നും മനസിലാകുന്നില്ലെന്ന് രോഹിത് പറയുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ പ്ലേ ഓഫ് ഘട്ടങ്ങളിലും പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും മാറി നില്‍ക്കാന്‍ മാത്രം ഗുരുതരമല്ലാതിരുന്നതിനാലാണ് താന്‍ മത്സരത്തിനിറങ്ങിയതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

പരിക്കിപ്പോള്‍ പൂര്‍ണമായും ഭേദമായിക്കഴിഞ്ഞു. ഒരു ലോംഗ് ഫോര്‍മാറ്റ് മത്സരത്തിനിറങ്ങുന്നതിന് മുന്‍പ് തടസ്സങ്ങളൊന്നും മുന്നിലില്ലെന്ന് ഉറപ്പിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടാണ് ഞാന്‍ പരിശീലനത്തിനിറങ്ങിയിരിക്കുന്നതും. അതില്‍ മറ്റൊരുടേയും അഭിപ്രായം തന്നെ ബാധിക്കുന്നില്ല

രോഹിത് ശര്‍മ

കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തോടെ ഐപിഎല്ലില്‍ അഞ്ചാം തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്നു രോഹിത് ശര്‍മ. ഫൈനല്‍ മത്സരത്തില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 50 ബോളില്‍ 68 റണ്‍സാണെടുത്തത്. നിലവില്‍ ഡിസംബര്‍ 17ന് ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ സീരീസിനുവേണ്ടി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് താരം.

Latest News