‘ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല’; സിദ്ദിഖിനെ പരിഹസിച്ച് രേവതി സമ്പത്ത്

അമ്മയുടെ ഭാരവാഹി യോഗത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ നടന്‍ സിദ്ദിഖിനെതിരെ വിമർശനവുമായി നടി രേവതി സമ്പത്ത്. അമ്മ താര സംഘടന വെള്ളിയാഴ്ച്ച ചേര്‍ന്ന ഭാരവാഹി യോഗത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

‘ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ്’ എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട്! ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം’ , എന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്കെതിരെ നടപടി സ്വീകരിക്കാനും, നടി പാര്‍വ്വതിയുടെ രാജിയേക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് അമ്മ യോഗം ചേര്‍ന്നത്. എന്നാല്‍ ബിനിഷിനെ നിലവില്‍ പുറത്താക്കുന്നില്ലെന്നും, വിശദീകരണം തേടിയതിന് ശേഷം മാത്രമെ അക്കാര്യത്തില്‍ തീരുമാനം എടുക്കു എന്നുമാണ് യോഗത്തില്‍ തീരുമാനമായത്. യോഗത്തില്‍ സിദ്ദിഖും, ബാബുരാജും ഇതിനെ എതിര്‍ത്തെങ്കിലും നടനും സിപിഐഎം എംഎല്‍യുമായ മുകേഷ് ശക്തമായി എതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യോഗത്തില്‍ വാക്കേറ്റവും നടന്നിരുന്നു.

അതേസമയം പാര്‍വ്വതിയുടെ രാജി നടനും ഭാരവാഹിയുമായ ബാബുരാജ് പുനപരിശേധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടന സ്വീകരിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാതെ പാര്‍വ്വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചതും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

നേരത്തെ രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് 21 വയസുളളപ്പോള്‍ തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍വെച്ച് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ഈ മുഖംമൂടിയിട്ട ജെന്റില്‍മാന്‍ എന്ന് നടിക്കുന്നയാള്‍ ശ്രമിച്ചു എന്നാണ് അവര്‍ പോസ്റ്റില്‍ പറഞ്ഞത്.

Latest News