‘ക്യൂട്ടികൂറ’; രഞ്ജു രഞ്ജിമാര്‍ സംവിധായികയാവുന്നു, മുക്ത ചിത്രത്തിന്റെ ഭാഗമായേക്കും

ട്രാന്‍സ്‌പേഴ്‌സണ്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്്ജിമാര്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണ്. ഇപ്പോള്‍ സംവിധാന രംഗത്തേക്ക് കടക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും രഞ്ജു തന്നെയാണ്.

രഞ്ജു തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ക്യൂട്ടികൂറ എന്നാണ്.18 വയസ്സില്‍ രഞ്ജുവിന്റെ തന്നെ ജീവിതത്തില്‍ സംഭവിച്ച ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥനര്‍മ്മത്തില്‍ ചാലിച്ചാണ് കഥ പറയുന്നത്.

മാതൃത്വം എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം. തന്റെ 18ാം വയസ്സില്‍ ഒരു കുഞ്ഞിനെ നോക്കുന്ന ജോലിക്കായി ഒരു വീട്ടില്‍ പോയിരുന്നു. അമ്മയാവുക എന്നത് വലിയ ഒരു സ്വപ്‌നമായി കാണുന്നവരുണ്ട്. അത്തരമൊരു അനുഭവമായിരുന്നു എനിക്കും. ആ കുഞ്ഞിനെ അറിയാനുള്ള എന്റെ ആഗ്രഹത്തെ കുറിച്ചാണ് ഈ സിനിമ പറയുന്നതെന്ന് രഞ്ജു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വെല്ലുവിളികളേറെ നിറഞ്ഞ ഒരു ജീവിതമാണ് രഞ്ജു നയിച്ചത്. എന്നാല്‍ താന്‍ നേരിട്ട എല്ലാ വെല്ലുവിളികളെയും ചിത്രത്തില്‍ കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രഞ്ജു പറഞ്ഞു. തന്റെ എല്ലാ നേട്ടങ്ങളെയും ചിത്രത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ആളുകള്‍ക്ക് ചില കാര്യങ്ങളിലുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ട്. നല്ല ഫലം സംഭവിക്കുമെന്നാണ് തന്റെ പ്രതീക്ഷിക്കുന്നതെന്നും രഞ്ജു പറഞ്ഞു.

രഞ്ജുവിനെ കൂടാതെ നിരവധി പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവും. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌പേഴ്‌സണ്‍ കഥാപാത്രവുമുണ്ട്. ഈ കഥാപാത്രത്തെ ഹരിണി ചന്ദ്ര അവതരിപ്പിക്കും. ഡേറ്റുകളെല്ലാം ശരിയായി വന്നാല്‍ നടി മുക്ത ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് രഞ്ജു പറഞ്ഞു.

ഒക്ടോബര്‍ 22ന് ആദ്യ ലൊക്കേഷനായ രഞ്ജുവിന്റെ വീട്ടില്‍ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നടക്കും. സംവിധായകന്‍ ലാല്‍ ജോസ് പങ്കെടുക്കും. തന്റെ ജന്മദിനമായ നവംബര്‍ 27ന് ചിത്രം റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും രഞ്ജു പറഞ്ഞു.

Latest News