30 സെക്കന്റിൽ 29 തവണ ‘പീറ്റര്‍ പൈപ്പര്‍ പിക്ക്ഡ് എ പംപ്കിന്‍’ ; ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിച്ച് രീഷ്മ

‘പീറ്റര്‍ പൈപ്പര്‍ പിക്ക്ഡ് എ പംപ്കിന്‍’ എന്ന ടംഗ് ട്വിസ്റ്റര്‍ വാചകം 30 സെക്കന്റു കൊണ്ട് 29 തവണ തെറ്റുകൂടാതെ ഉരുവിട്ട് ലോക റെക്കോഡ് നേടി മറ്റത്തൂര്‍ നൂലുവള്ളി സ്വദേശിനി രീഷ്മ മബനീഷ്. അഞ്ചുവര്‍ഷം മുമ്പ് അമേരിക്കകാരിയായ നതാലി ഫോന്റ്‌ലിംഗ് സ്ഥാപിച്ച റെക്കോഡിനെയാണ് ഈ 32കാരി മറികടന്നത്. 2015 മാര്‍ച്ച് 20ന് അമേരിക്കയിലെ നതാലി ഫോണ്ട്‌ലിംഗ് സ്ഥാപിച്ച റെക്കോഡാണ് രീഷ്മ അനായാസം മറികടന്ന് ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയത്.

30 സെക്കന്റില്‍ 26 തവണ ഈ വാചകം ഉരുവിട്ടായിരുന്നു നതാലി 2015ല്‍ റെക്കോഡ് സ്ഥാപിച്ചത്. എന്നാൽ രീഷ്മ 30 സെക്കന്റി്ല്‍ 29 തവണ ഈ നാക്കുളുക്കി വാചകം ആവര്‍ത്തിച്ചുപറഞ്ഞാണ് ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ തന്നെ അടയാളപ്പെടുത്തിയത്.

നാക്കുളുക്കി വാക്കുകള്‍ വേഗത്തില്‍ ഉരുവിടുന്നതില്‍ അസാധാരണ വൈഭവമുളള രീഷ്മ നല്ലൊരു ഗായിക കൂടിയാണ്. നൂലുവള്ളി ചിന്നങ്ങത്ത് വീട്ടില്‍ മബനീഷിന്റെ ഭാര്യയായ രീഷ്മയുടെ സ്വദേശം ഇരിങ്ങാലക്കുട പുല്ലൂരാണ്. ഋതുനന്ദയാണ് രീഷ്മയുടെ മകള്‍. ബിഎഡ് ബിരുദമുള്ള ഇവര്‍ ലൈം ലൈറ്റ് ഓണ്‍ ചാനലില്‍ ന്യൂസ് റീഡറാണ്.

മാളയിലെ വര്‍ഷ ബിന്‍ത് സെയ്ഫ് എന്ന പെണ്‍കുട്ടി തന്റെ കലാവിരുതുകളിലൂടെ റെക്കോഡുകള്‍ കരസ്ഥമാക്കിയത് സംബന്ധിച്ച് വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ ആണ് ഇത്തരം വാചകത്തിലൂടെ തനിക്കും റെക്കോഡു സ്ഥാപിക്കണമെന്നുള്ള പ്രചോദനം രീഷ്മക്കുണ്ടായത്. തുടർന്ന് ഇതിനുള്ള നിരന്തര പരിശ്രമത്തിലായിരുന്നു രീഷ്മ. ഭര്‍ത്താവ് മബനീഷും വീട്ടുകാരും ഈ ഉദ്യമത്തിന് പൂർണ്ണ പിന്തുണയേകി.

ചൊവ്വാഴ്ച ചെമ്പുച്ചിറയില്‍ നടന്ന ചടങ്ങില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് രീഷ്മക്ക് സമ്മാനിച്ചു. ബെസ്ററ് ഓഫ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ പീറ്റര്‍ കിങ്ങാണ് പുരസ്‌കാരം സമ്മാനിച്ചത്. മണി ചിന്നങ്ങത്ത്, ശ്രീധരന്‍ കളരിക്കല്‍, ചന്ദ്രന്‍ മുണ്ടക്കല്‍, ചന്ദ്രന്‍ പാണ്ടാരി, മബനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Latest News