വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്താനൊരുങ്ങി ബഹ്‌റിന്‍

കൊവിഡ് റാപ്പിഡ് ടെസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ ആലോചന. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പല ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കാനാണ് ബഹ്‌റിന്‍ ആലോചിക്കുന്നത്. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ഒരുങ്ങുന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

അതേസമയം ഫൈസര്‍ ഇങ്കും ബയേണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പരീക്ഷണാത്മക കൊവിഡ് 19 വാക്സിന്‍ വിതരണത്തിലേക്ക് കടക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. എന്നാല്‍ ഇത് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും വിധത്തില്‍ പ്രാദേശിക ഫാര്‍മസികളിലേക്ക് എത്തില്ലയെന്നും കമ്പനി വ്യക്തമാക്കുന്നു. കാരണം വാക്സിന്‍ സൂക്ഷിക്കുന്നതിലെ സങ്കീര്‍ണ്ണതയും സൂപ്പര്‍-കോള്‍ഡ് സ്റ്റോറേജ് ആവശ്യകതകളും അമേരിക്കയിലെ ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ക്ക് പോലും ഒരു തടസ്സമാണ്. അതുകൊണ്ട് തന്നെ ഇത് ഗ്രാമീണ മേഖലകളിലും, ദരിദ്രരാജ്യങ്ങളിലേക്കുമൊക്കെ എപ്പോള്‍, എങ്ങനെ ലഭ്യമാകും എന്നതിനെ ബാധിച്ചേക്കാന്‍ ഇടയുള്ള ഘടകങ്ങളാണ്.

വൈറസിനെതിരായ രോഗപ്രതിരോധ ശേഷി സജീവമാക്കുന്നതിനായ് സിന്തറ്റിക് എംആര്‍എന്‍എ എന്ന ഒരു നൂതന സാങ്കേതികവിദ്യ ആണ് ഈ വാക്സിനില്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ഈ വാക്സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലോ (94 എഫ്) അതിലും താഴ്ന്ന താപനിലയിലോ സൂക്ഷിക്കേണ്ടതുണ്ട് എന്നതാണ് പ്രധാന പ്രശ്നം.

Latest News