Rape Threat

ചെന്നൈയുടെ തുടര്‍തോല്‍വികള്‍; ധോണിയുടെ അഞ്ച് വയസ്സുകാരി മകള്‍ക്കെതിരെ റേപ്പ് ത്രെട്ട്; ലജ്ജിപ്പിക്കുന്നതെന്ന് ആരാധകര്‍, പിന്തുണ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടര്‍ തോല്‍വികളുടെ പേരില്‍ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവയ്‌ക്കെതിരെ റേപ് ത്രെട്ടുകള്‍. ധോണിയുടെ 5 വയസ്സുകാരി മകള്‍ സിവയെ റേപ്പ് ചെയ്യുമെന്ന തരത്തിലുള്ള കമന്റുകളുമായി ഒരു വിഭാഗം രംഗത്തെത്തി. ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് റേപ്പ് ഭീഷണികള്‍. ധോണിയുടെ ഇന്നിംഗ്‌സുകള്‍ ടീമിന്റെ തോല്‍വിക്ക് കാരണമാകുന്നു എന്ന പേരിലാണ് അധിക്ഷേപ പരാമര്‍ശങ്ങളും ഭീഷണികളും.

കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സുമായുള്ള മത്സരത്തിലെ ധോണിയുടെ മെല്ലെപ്പോക്ക് ടീമിന്റെ വിജയത്തെ ബാധിച്ചിരുന്നു. ഐപിഎല്ലില്‍ സീസണില്‍ ഇതുവരെ സ്ഥിരതയോടെ മികച്ച പ്രകടനം നടത്താന്‍ ധോണിക്ക് സാധിച്ചതുമില്ല. അന്ധമായ ‘ആരാധന’ മൂത്ത് താരങ്ങളുടെ ഭാര്യമാര്‍ക്കെതിരെയും കാമുകിമാര്‍ക്കെതിരെയും ഇത്തരക്കാര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ചെറിയ കുട്ടികള്‍ക്കെതിരെ ഇത്ര മോശമായ കമന്റുകള്‍ ഇതാദ്യമായാണ് ഉണ്ടാകുന്നത്.

മലയാളം പാട്ടുകളും ഡയലോഗുകളുമൊക്കെയായി കുഞ്ഞ് സിവ മലയാളികള്‍ക്കും പ്രിയങ്കരിയാണ്.

ധോണിയുടെ കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴുകന്‍ കണ്ണുകളില്‍ നിന്ന് സിവയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു.

Latest News