പകപോക്കുകയാണല്ലേ? പൃഥ്വിരാജിന് കടുപ്പന്‍ ഇംഗ്ലീഷില്‍ ജന്മദിനമാശംസിച്ച് രമേഷ് പിഷാരടി

ഇന്ന് ജന്മദിനാഘോഷിക്കുന്ന പൃഥ്വിരാജിന് തമാശ രൂപത്തില്‍ ജന്മദിനമാശംസിച്ച് നടന്‍ രമേശ് പിഷാരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലെ വ്യത്യസ്തമായ ക്യാപ്ഷനുകളിലൂടെ ആരാധകരെ ചിരിപ്പിക്കുന്ന താരം ഇത്തവണ കടുപ്പന്‍ ഇംഗ്ലീഷിലാണ് പൃഥ്വിരാജിന് പിറന്നാളാശംസിച്ചിരിക്കുന്നത്. നിങ്ങളെപ്പോലുള്ള ഒരു സുഹൃത്തിന് ആനന്ദദായകവും ഉന്മേഷദായകവുമായ ജന്മദിനത്തിനായി ആശംസകള്‍ അയയ്ക്കാനായത് എന്റെ ഭാഗ്യമാണെന്നായിരുന്നു പിഷാരടിയുടെ ആശംസ. പൃഥ്വിരാജിന്റെ പോസ്റ്റുകളിലെ വാക്കുകളുടെ അര്‍ഥം തിരഞ്ഞ് പോകാറുള്ള ആരാധകര്‍ ഇത്തവണ പിഷാരടിയുടെ ആശംസയ്ക്കാണ് വിവര്‍ത്തനം അന്വേഷിച്ചത്.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you.😎

Ramesh Pisharody द्वारा इस दिन पोस्ट की गई शुक्रवार, 16 अक्तूबर 2020

പൃഥ്വിരാജിന്റെ ഇംഗ്ലീഷിലെ വൈദഗ്ദ്ധ്യം പലപ്പോഴും ട്രാളു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാന്‍ പിഷാരടി ആ മാര്‍ഗം തിരഞ്ഞെടുത്തപ്പോള്‍ അതേറ്റെടുക്കുകയാണ് ആരാധകര്‍. കമന്റ് ബോക്‌സില്‍ ആശംസയുടെ ഗൂഗിള്‍ വിവര്‍ത്തനവും ട്രൊളുകളും പങ്കുവച്ചാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ ഇതിനര്‍ഥമറിയാവുന്ന ആരെങ്കിലുമുണ്ടോ എന്നു ചോദിക്കുന്ന ഒരു കൂട്ടവും അതിന് ശശി തരൂര്‍ എം പിയുടെ ചിത്രം മറുപടിയായിടുന്ന മറ്റൊരു കൂട്ടവും കമന്റ് ബോക്‌സിലുണ്ട്. കടുപ്പന്‍ ഇംഗീഷറിയാവുന്ന ആദ്യത്തെ മിമിക്രിക്കാരന്‍ എന്നു തുടങ്ങി പിഷാരടിയെ ട്രോളുന്ന കമന്റുകളുമുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലും അഭിമുഖങ്ങളിലും കടുപ്പന്‍ ഇംഗ്ലീഷുപയോഗിക്കുന്ന പൃഥ്വിരാജിനെ പലപ്പോളും ആരാധകര്‍ ട്രോളിയിട്ടുണ്ട്. അതിനാല്‍ തന്നെ താരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നതിന്റെയെല്ലാം തലവാചകങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. അത്തരം ട്രോളുകളില്‍ ഭൂരിഭാഗവും താന്‍ ആത്മാര്‍ത്ഥമായി ആസ്വദിക്കുന്നുണ്ടെന്നാണ് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിട്ടുള്ളത്. ഈ ട്രോളുകള്‍ താന്‍ ആസ്വദിക്കുന്നത് തന്റെ ഇംഗ്ലീഷ് മികച്ചതാണെന്ന് തോന്നുന്നതിനാലല്ല, മറിച്ച് ട്രോളുകളിലുള്ള തമാശ കാരണമാണെന്നും താരം പറയുന്നു.

Latest News