Random Review

ഹലാൽ ഗുസ്‌തി! പുരോഗമനക്കൊതിയും മതപരതയും തമ്മിലെ തട്ടലും മുട്ടലും

മുമ്പേ മുസ്‌ലിം ജീവിതത്തിന് നേരെ പിടിച്ച കാമറ ഇക്കുറി മുസ്‌ലിം മത സംഘടനകളുടെ സ്വകാര്യജീവിതത്തിന് നേർക്ക് മാറ്റിപ്പിടിച്ചതാണ് സക്കരിയയുടെ ഹലാൽ ലൗ സ്റ്റോറി. സുഡാനി ഫ്രം നൈജീരിയക്കു ശേഷമുള്ള സിനിമ എന്നതിനേക്കാൾ കെ.എൽ-10 പത്തിന്റെ അടുത്ത സിനിമ എന്നാണെന്റെ തോന്നൽ. ജമാഅത്തെ ഇസ്ലാമിയാണ് ഇതിവൃത്തത്തിൽ എന്നു തോന്നുമെങ്കിലും എല്ലാ മുസ്ലിം മതസംഘടനകളും അകപ്പെടുന്ന കുഴങ്ങലും വഴങ്ങലും ഉണ്ട്. കാരണം എല്ലാ കൂട്ടർക്കും മത/പൊതു ദ്വന്ദം ഫലത്തിലൊന്നും തലത്തിൽ മാത്രം വെവ്വേറെയുമാണ്.

മതം മുറുകെപ്പിടിക്കണം, കുറുകെച്ചാടുകയും വേണം. കല്യാണപ്പന്തലിൽ സ്ത്രീപുരുഷന്മാർ ഇടകലരുന്നത് തടയാൻ സാരികൊണ്ടൊരു മറകെട്ടുന്ന മതപരമായ ശ്രദ്ധപോലൊന്ന് എപ്പോഴും എവിടെയും ഉണ്ട്. ഭാര്യാഭർത്താക്കന്മാർ നമ്മളെപ്പോഴാണൊന്ന് കെട്ടിപ്പിടിച്ചത് എന്നാലോചിച്ചാൽ അതെല്ലായിപ്പോഴും സെക്സിനു മുന്നേ മാത്രം ആയിരുന്നല്ലോ എന്നു ഉത്തരം കിട്ടുന്ന പങ്കാളിത്തസ്വകാര്യത വേറെയും. ഇതിനെയെല്ലാം രസിച്ചെടുക്കണോ ഉരസിയെടുക്കണോ എന്നതിലാണ് കാര്യത്തിന്റെ കിടപ്പ്.

ജമാഅത്തെ ഇസ്ലാമിയെ എൻ പി മുഹമ്മദ് കേരളമുസ്ലിംകളിലെ സർഗാത്മക ന്യൂനപക്ഷം എന്നു വിശേഷിപ്പിച്ചതായി കേട്ടിട്ടുണ്ട്. സത്യമാണോന്നറിയില്ല. സാഹിത്യം, പ്രസാധനം, പത്രപ്രവർത്തനം തുടങ്ങി പല രംഗങ്ങളിൽ ജമാഅത്ത് നേടിയ മേൽക്കൈ, അവരുണ്ടാക്കിയ സാംസ്കാരിക സ്വാധീനം ഒക്കെവച്ച് അങ്ങനെ പറഞ്ഞു കൂടായ്കയില്ല. ജമാഅത്തിന്റെ രാഷ്ട്രീയ ലൈൻ പിടിക്കാത്തവരും അവരുടെ സാംസ്കാരിക കൈ പിടിക്കും.

ഗ്രേസ് ആന്റണി, ഇന്ദ്രജിത്ത് – ഹലാൽ ലൗ സ്റ്റോറിയിൽ നിന്നും

എന്റെ കുട്ടിക്കാലത്തു നാടകമുണ്ടാകുക പൈങ്ങോട്ടായി പരദേവതാ ക്ഷേത്രത്തിലും പിന്നെ പൈങ്ങോട്ടായി ജമാഅത്ത് പള്ളിയുടെ പരിസരത്തുമാണ്. തൊണ്ണൂറുകളിൽ ഞാൻ പഠിച്ച സുന്നി ഇ കെ വിഭാഗത്തിന്റെ ദാറുൽഹുദയിലെ പാട്ടുകാർ മാപ്പിളപ്പാട്ട് കാസറ്റുകൾ ഇറക്കുമ്പോൾ അതിൽ ദഫല്ലാത്ത മുട്ടെല്ലാം ഹറാമായിരുന്നു. അതേകാലം ജമാഅത്ത് കലാവിഭാഗങ്ങൾ ചാന്ദ്പാഷയൊക്കെ സംഗീതം ചെയ്ത കാസറ്റുകൾ യഥേഷ്ടം ഇറക്കുന്നുണ്ട്. ദാറുൽഹുദ കമ്പ്യൂട്ടറുകൾ പ്രചാരത്തിലായ ശേഷമാണ് ആദ്യമായി ഇൻസ്റ്റ്രുമെന്റൽ മ്യൂസിക് ഉപയോഗിച്ചൊര് കാസറ്റ് ഇറക്കുന്നത്. അതു കേട്ടിട്ട് ഇത് ഹറാമോ ഹലാലോ എന്ന് ചോദിച്ചവരോട് ഇതു കമ്പ്യൂട്ടറാണ് എന്നു മറുപടി പറഞ്ഞാണ് അതിന്റെ സംഘാടകർ തടി സലാമത്താക്കിയത്.

ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് നിന്ന കലാസാഹിത്യ നാടക തല്പരരായ ആളുകൾക്ക് സിഡി-റോം കാലത്തുണ്ടായ വെളിപാടാണ് ഹോം സിനിമകൾ. സാങ്കേതിക പുരോഗതി അവരുടെ സർഗാത്മക പ്രകാശനത്തിനുതകി. രണ്ടായിരങ്ങളിൽ ഹോംസിനിമകളുടെ ഒരു രക്ഷയുമില്ലാത്ത പ്രളയമുണ്ടായി. ജഗതി ആരെന്നറിയാത്ത എന്റെ ഉമ്മക്ക് ലീക്ക് ബീരാനെ അറിയാം എന്ന അവസ്ഥ. മുൻ മലയാള സിനിമകളിലെ കോമഡി സീനുകൾ മാപ്പിള നെയ്യിൽ മുക്കിപ്പൊരിച്ചു ഹോംസിനിമക്കാർ. അതേറ്റുപിടിക്കുന്ന പല മുൻകയ്യുകൾ പിന്നാലെ വന്നു. ദാറുൽഹുദയിൽ കുട്ടികൾ നാടകം കളിച്ചതിന് സമസ്തയുടെ പ്രസിഡന്റ് തന്നെ ഫത്‌വയുമായി വന്നത് കുറച്ചു മുമ്പേയാണ്.

ഞാനൊരു പാട്ടെഴുതി സിനിമക്കാരൻ കൂടിയായ സമയം എനിക്കൊരു പ്രൊജക്റ്റ് ഓഫർ കിട്ടി. സംഗീതം ഹറാമാണെന്ന് പ്രസംഗിക്കുന്ന ഒരു വിഭാഗത്തിന്റെ ഒരു പിളർപ്പിൽപ്പെട്ട ഒരു സംഘം കുറച്ചു ഷോർട്ട് ഫിലിമുകൾ ചെയ്യണമെന്ന് പദ്ധതിയിട്ടതാണ്‌. പ്രസിദ്ധങ്ങളും പ്രസക്തങ്ങളുമായ നബിവചനങ്ങൾക്ക് കുഞ്ഞിക്കുഞ്ഞി കഥകൾ ചമയ്ക്കുക. ഹദീസുകൾ നോക്കിനോക്കി നാല്പതെണ്ണം തെരഞ്ഞെടുത്തു. ഇമാം നവവി ഒരു സവിശേഷ കൃതി രൂപപ്പെടുത്തിയതുപോലെ. നമ്മുടെ കാലത്തിന്റെ ഒരു കർത്തവ്യം എന്നൊക്കെ ഞാൻ അവരെ താത്വികമായി പ്രോൽസാഹിപ്പിച്ചു. എന്റെ കാര്യം തന്നെ പോക്കാണ്, കഥയുടെ കാര്യം പിന്നെപ്പറയണ്ടല്ലോ കൂട്ടിയാൽ കൂടില്ലെന്നു പിന്മാറുകയും ചെയ്തു.

ഹലാൽ ലൗ സ്റ്റോറി – ട്രെയിലർ

ഹോം സിനിമകൾ ധാരാളം ഇറങ്ങിയ രണ്ടായിരാമാണ്ടുകളുടെ അവസാനത്തിൽ എം നൗഷാദുമായുള്ള ഒരു സംഭാഷണത്തിൽ പി.ടി കുഞ്ഞിമുഹമ്മദ് ഹോം സിനിമകൾ എന്നു നൗഷാദ് പറയുമ്പോൾ അതെന്താണ് എന്നു ചോദിക്കുന്നുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് അത്രയും ചലചിത്രങ്ങൾ പുറത്തു വന്നിട്ട് പിടി കുഞ്ഞിമുഹമ്മദിനെ പോലൊരാൾ അതറിയുന്നില്ല. സിനിമ നിഷേധിക്കുക എന്നു പറയുന്നത് നിങ്ങൾ കാറ് നിഷേധിക്കുന്നത്‌ പോലെ ആണെന്നു മുസ്ലിംങ്ങളെ ഉപദേശിക്കുന്ന ഒരു കലാപ്രവർത്തകനാണ് ഇങ്ങനെ ഒരു കാര്യം അറിയാതെ പോകുന്നത്.

നേരത്തേ നാട്ടിന്‍പുറങ്ങളില്‍ കലാപ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്ന ചെറുപ്പക്കാര്‍ സിനിമയുടെ സാധ്യത ഉപയോഗപ്പെടുത്തി നിരവധി ടെലിസിനിമകള്‍ ചെയ്യുന്നു. ഏതാണ്ട് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യത്തിൽ മുസ്‌ലിം പശ്ചാത്തലമുള്ള കഥകള്‍ മുസ്‌ലിം പ്രേക്ഷകരെ ഉദ്ദേശിച്ച് പറയുന്നു എന്ന് നൗഷാദ് മനസ്സിലാക്കിക്കൊടുക്കുന്നേരം പിടി അന്നേ പറയുന്നുണ്ട്: ”അതാണ് തെറ്റ്. നിങ്ങള്‍ സിനിമയെടുക്കുന്നത് ആരെ കാണിക്കാനാ? മുസ്‌ലിങ്ങളെ മാത്രം കാണിക്കാനാണോ? ‘ഏ മനുഷ്യവര്‍ഗമേ’ എന്നല്ലേ ഖുര്‍ആന്‍ അഭിസംബോധന ചെയ്തിട്ടുള്ളത്? നിങ്ങളെന്തിനാണിങ്ങനെ പക്ഷഭേദം കാണിക്കുന്നത്? നിങ്ങളെക്കുറിച്ച്, നിങ്ങളല്ലാത്തവര്‍ കാണുമ്പോഴാണ്, ‘ഓ അതുശരി, ഇവര്‍ക്കിടയില്‍ ഇങ്ങനെയൊക്കെ ഉണ്ടല്ലേ’ എന്നാലോചന വരുന്നത്.”മേല്പറഞ്ഞ ‘ദീനിയ്യായ’ ഗൃഹ ചലചിത്രങ്ങൾ ഉണ്ടായ കാലത്തെയും കലാപ്രവർത്തകരെയും അവരുടെ മതപ്രാരാബ്ധങ്ങളെയും കാണിച്ചു മതസംഘടനകളുടെ പുരോഗമനക്കൊതിയും മതപരതയും തമ്മിലെ തട്ടലും മുട്ടലും സരസമായി പറയുന്നുണ്ട് HLS. ഇടയിലൊരു ‘ഹലാലായ’ ലവ്വും.

പാർവതി തിരുവോത്ത് ഹലാൽ ലൗ സ്റ്റോറിയിൽ

ഈ സിനിമ നിങ്ങൾക്കു മനസ്സിലാകുന്നില്ലെങ്കിൽ കഴിഞ്ഞ പത്തിരുപത്‌ കൊല്ലത്തെ കേരളത്തിലെ മുസ്ലിംങ്ങളുടെ മതജീവിതത്തിന്റെ പരിണാമ ‘ഗുസ്തികൾ’ നിങ്ങൾ തീരെ ശ്രദ്ധിക്കാത്തതുകൊണ്ടാണ്. അതു ശ്രദ്ധിച്ചിട്ടുള്ളവർക്ക് പിടികിട്ടുന്ന ‘ഗുട്ടൻസ്’ ഇതിലെമ്പാടുമുണ്ട്.

സിനിമയിൽ പാർവതി തിരുവോത്തിന്റെ പരിശീലക ‘ഇസ്ലാമിക പ്രസ്ഥാന’ത്തിന്റെ ഭാരവാഹികളും പ്രവർത്തകരുമായവർക്ക് ശ്വാസം വിടാനും മസിലു പിടിക്കുന്നത് ഒഴിവാക്കാനുമുള്ള പരിശീലനമാണ്‌ പ്രധാനമായും നൽകുന്നത്. ഇടക്കിടെ ശ്വാസം വിടുക, വെറുതേ മസിലു പിടിക്കാതിരിക്കുക. മതസംഘടനകൾക്കെല്ലാം കിട്ടേണ്ട പ്രധാന പരിശീലനം തന്നെ. ഈ സിനിമ കാണുന്നവരും ഇതു ചെയ്യുന്നതു നന്നാകും.

Latest News