Kerala Politics

‘ശശിയേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ബിജെപിക്ക്’; പ്രതികരണവുമായി പുഷ്പന്‍

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതിനേക്കുറിച്ച് വിശദീകരണവുമായി കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കഴിയുന്ന പുഷ്പന്‍. സഹോദരന്‍ ശശിയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പ്രാദേശിക ബിജെപി നേതൃത്വത്തിനായിരിക്കുമെന്ന് പുഷ്പന്‍ പറഞ്ഞു. തന്റെ സഹോദരന്‍ പലവിധ അസുഖങ്ങള്‍ ഉള്ളയാളാണ്. മദ്യപാനവും ചീട്ടുകളിയും മൂലം രണ്ട് തവണ സ്ഥലം വിറ്റിരുന്നു. കൈയില്‍ പണമില്ലാതായാല്‍ വിഭ്രാന്തിയുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രാദേശിക ബിജെപി നേതൃത്വത്തിനായിരിക്കുമെന്നും പുഷ്പന്‍ പ്രതികരിച്ചു.

ബിജെപി തലശ്ശേരി മണ്ഡലം ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പുഷ്പന്റെ സഹോദരന്‍ ശശി അംഗത്വം സ്വീകരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടത്തിയ സ്വീകരണം ബിജെപി വ്യാപകമായി പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് പുഷ്പന്റെ വിശദീകരണം. രക്തബന്ധം കൊണ്ട് തങ്ങള്‍ സഹോദരമാരാണെന്നും എന്നാല്‍ സമീപകാലത്തായി കുടുംബങ്ങള്‍ അകന്നു കഴിയുകയാണെന്നും പുഷ്പന്‍ പറഞ്ഞു.

പുഷ്പന്റെ പ്രതികരണം

“ശശിയേട്ടന്‍ എന്റെ ജ്യോഷ്ഠന്‍ തന്നെയാണ്. രക്തബന്ധത്തില്‍ ജ്യോഷ്ഠനും അനിയനുമാണ്. പക്ഷെ, കുറച്ചുകാലമായി ഞങ്ങള്‍ ചേട്ടന്‍ അനിയന്‍മാരുമായോ പെങ്ങളുമാരുമായോ യാതൊരു ബന്ധവുമില്ല. ഭാര്യയും മക്കളും എല്ലാവരും കല്യാണത്തിന് വന്നിരുന്നെങ്കിലും ചേട്ടന്‍ വന്നിരുന്നില്ല. ഞാന്‍ ഒരു ആവശ്യത്തിനും ഉണ്ടാകില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. എന്റെ സഹോദരങ്ങളായ രാജന്റേയും പ്രകാശന്റേയും ശശിയേട്ടന്റെ മകന്‍ ഷിബിന്റെ പേരിലും ചൊക്ലി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടായിരുന്നു. സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ തര്‍ക്കങ്ങളുണ്ടാക്കി. അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. ചീട്ടുകളിയും മദ്യപാനവും സ്ഥിരമായി ഉണ്ടായിരുന്ന ആളാണ്. കൈയില്‍ പണമില്ലെങ്കില്‍ പെണ്ടെന്ന് വിഭ്രാന്തി പോലെയൊക്കെ വരും. ചീട്ടുകളി എപ്പോഴും ഒരു ദൗര്‍ബല്യമായിരുന്നു. അതിന്റെ പേരില്‍ രണ്ട് സ്ഥലം ശശിച്ചേട്ടന് വില്‍ക്കേണ്ടി വന്നു. ശശിച്ചേട്ടന് രണ്ട് വൃക്കകള്‍ക്കും ഹൃദയത്തിനും രോഗമുണ്ട്. പ്രമേഹരോഗിയാണ്. പാന്‍ക്രിയാസിന് അസുഖമുള്ളയാളാണ്. പൈല്‍സുണ്ട്. ശശിയേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ബിജെപി പ്രാദേശിക നേതൃത്വത്തിനാണ്.”

ബിജെപി തലശ്ശേരി മണ്ഡലം ഓഫീസില്‍ വെച്ച് നടന്ന ചടങ്ങിലാണ് ശശി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: പ്രകാശ് ബാബു ശശി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സിപിഐഎമ്മില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് ശശിയും പറഞ്ഞു. ശശി ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് സിപിഐഎം നേതൃത്വം പ്രതികരിച്ചു. കുടുംബ സ്വത്ത് തര്‍ക്കം കാരണമാണ് ശശി ബിജെപിയില്‍ ചേര്‍ന്നതെന്നാണ് പ്രതികരിച്ചത്.

Latest News