‘ഇത് ക്രൂരവും നിര്‍ദ്ദയവുമാണ്’; സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭുഷണ്‍ രംഗത്തെത്തി. കേരളം പൊലീസ് ആക്ടില്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയിലുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

‘കുറ്റകരമായി കണക്കാക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് തടവ് ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്. ഇത് തീര്‍ത്തും ക്രൂരവും നിര്‍ദ്ദയവുമാണ്‌‌. വിമദ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഇത് ദുരുപയോഗപ്പെടും. ഐടി ആക്ടില്‍ നിന്നും ഒഴിവാക്കിയ സെക്ഷന്‍ 66എയ്ക്ക് സമാനമാണിത്’, പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഈ ഭേദഗതിപ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണെന്ന് കേരള പൊലീസ് ആക്ട് 118 (എ) പറയുന്നു.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനം മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. ഈ നിയമം സൈബര്‍ ബുള്ളിയിങ്ങിനു മാത്രം ബാധകമായി മാത്രമല്ല പ്രയോഗിക്കപ്പെടുകയെന്ന ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 118 എ ക്രിയാത്മകമായ വിമര്‍ശനങ്ങളെയും മാധ്യമ റിപ്പോര്‍ട്ടിങ്ങിനെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശകരുടെ പക്ഷം. 118 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ ഉള്‍പ്പെടെയുള്ള ട്രോള്‍ കൂട്ടായ്മകളും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Latest News