‘ശരിക്കും അടിക്കുമായിരുന്നു. കൊറോണ ആയതുകൊണ്ടാണ് ചെയ്യാത്തത്‌, അടിക്കാന്‍ പൊലീസിന് അനുവാദമുണ്ട്’; വഴിയോര കച്ചവടക്കാരെ മര്‍ദ്ദിച്ച് പൊലീസ്, വിശദീകരണം

കണ്ണൂര്‍: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാര്‍ നേരെ നടത്തിയ അസഭ്യ പ്രയോഗത്തില്‍ വിശദീകരണവുമായി പൊലീസ്. കച്ചവടക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ചെറുപുഴ സിഐ വിനീഷ് കുമാര്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിശദീകരണം. വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വഴിയോരക്കച്ചവടക്കാര്‍ക്കെതിരെ വ്യാപാരികള്‍ പരാതി നല്‍കിയിരുന്നെന്നുമാണ് സിഐ ഇപ്പോള്‍ വിശദീകരിക്കുന്നത്.

ചെറുപുഴ ടൗണിന് സമീപത്തെ വഴിയോരത്ത് പഴക്കച്ചവടം നടത്തുകയായിരുന്ന കച്ചവടക്കാര്‍ക്കുനേരെയായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസഭ്യ പരാമര്‍ശങ്ങള്‍ നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. വഴിയോര കച്ചവടത്തിനെതിരെ വ്യാപാരികള്‍ പരാതിനല്‍കിയിട്ടുണ്ടെന്ന് പറഞ്ഞെത്തിയ പൊലീസ് സംഘം കച്ചവടക്കാരം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങലില്‍ വൈറലായത്. ഇതിന് പിന്നാലെ പൊലീസുകാര്‍ക്കുനേരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരിന്നു.

പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെട്ടതെന്നും വഴിയോരക്കച്ചവടക്കാരില്‍ ചുരുക്കം ചിലര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

‘ഞാന്‍ ഇടിച്ചെന്ന പരാതി ആര്‍ക്കുമില്ല. അങ്ങനെ ആരും പരാതി പറയില്ല. പക്ഷേ, ശരിക്കും അടിക്കുമായിരുന്നു. കൊറോണ ആയതുകൊണ്ടാണ് അടിക്കാത്തത്. ഇത്തരം ഘട്ടങ്ങളില്‍ നിയമപരമായി അടിക്കാന്‍ പൊലീസിന് അനുവാദമുണ്ട്’, സിഐ വിനീഷ് കുമാര്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

വീഡിയോ വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘പൊലീസ് അഗ്രസീവ് ആയിരുന്നു. നമുക്ക് നിയമം നടപ്പിലാക്കണ്ടേ. പൊലീസ് അടിച്ചൂന്ന് ആ വീഡിയോ കണ്ടാ ആര്‍ക്കും പറയാന്‍ പറ്റില്ല, നിയമം നടപ്പിലാക്കേണ്ടേ, കാരണം പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിട്ടും പോയില്ല. വ്യാപാരികള്‍ സംഘടിച്ച് ഞങ്ങള് പോയി അടിച്ചോടിക്കുമെന്ന് പരസ്യമായി പറയുന്നു, അപ്പോള്‍ അങ്ങനെയൊരു അവസ്ഥയില് പൊലീസിന് എന്ത് ചെയ്യാന്‍ പറ്റും . ബാക്കി എല്ലാ വണ്ടിയും പോയി, രണ്ട് വണ്ടിക്കാര്‍ക്കാണ് പ്രശ്‌നമുള്ളത്. പതിമൂന്ന് വണ്ടിയും പോയി. രണ്ട് വണ്ടിയാണ് വിഷയം. അവരാണ് വര്‍ത്താനം പറയുന്നതും പ്രൊവോകേറ്റ് ചെയ്യുന്നതും’, സിഐ പറയുന്നതിങ്ങനെ.