‘അദ്ദേഹത്തിന്റെ മഹനീയാദര്‍ശങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും’; ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. അദ്ദേഹത്തിന്റെ മഹനീയാദര്‍ശങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം നടത്തുകയും മാനവികതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രധാന വ്യക്തിത്വമായിരുന്നു. വിനയം കൊണ്ടും സഹാനുഭൂതി കൊണ്ടും അദ്ദേഹം അനുഗ്രഹിക്കപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ മഹനീയാദര്‍ശങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
.
സമൂഹത്തിലെ അശരണരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇതിനുദാഹരണമാണ്.

പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു. കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നല്‍കിയത്. സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണ്. ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണാമമര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജീവകാരുണ്യമേഖലകളിലും സഭാ ഐക്യപ്രസ്ഥാനങ്ങളിലും നായകസ്ഥാനം വഹിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനു തന്നെ തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News