ഒമാന്‍ – ഇന്ത്യ എയര്‍ ബബിള്‍; താല്‍ക്കാലിക സര്‍വ്വീസുകള്‍ ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക്

ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ പ്രകാരമുള്ള നിയന്ത്രിത വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപ്പിച്ചു. കൊവിഡ് മൂലം ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിന്നും റദ്ദാക്കിയ വീമാന സര്‍വ്വീസ് താല്‍ക്കാലികമായി പുനസ്ഥാപിക്കാനുള്ള സംവിധാനമാണ് എയര്‍ ബബിള്‍. മസ്‌ക്കറ്റില്‍ നിന്നും പതിനോന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമായിരിക്കും സര്‍വ്വീസുകള്‍.

എയര്‍ ഇന്ത്യ മസ്‌ക്കറ്റില്‍ നിന്നും കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കായിരിക്കും സര്‍വ്വീസുകള്‍ നടത്തുന്നത്. ഇതുകൂടാതെ ബംഗളൂരു, വിജയവാഡ, ഹൈദരാബാദ്, തൃച്ചി, ലഖ്‌നൗ, ഡല്‍ഹി, മുബൈ എന്നിവിടങ്ങളിലേക്കും സര്‍വ്വീസുകള്‍ നടത്തും. ഒമാന്‍ എയറിന്റെ സര്‍വ്വീസ് കേരളത്തില്‍ കൊച്ചിയില്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

സലാം എയര്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സര്‍വ്വീസ് നടത്തും. ഒക്‌ടോബര്‍ 25 വരെ അനുവദിച്ചിട്ടുള്ള ഓരോ ഇന്ത്യന്‍ നഗരങ്ങളിലേക്കും രണ്ടു പ്രതിവാര സര്‍വ്വീസുകള്‍ക്കാണ് അനുമതിയുണ്ടാവുക. തുടര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം എണ്ണം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കും. ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങളും കൊവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും സര്‍വ്വീസുകള്‍.

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 65 റിയാല്‍ മുതല്‍ 92 റിയാല്‍ വരെയാണ് കേരളത്തിലേക്കുള്ള നിരക്ക്. തിരിച്ച് 65 റിയാല്‍ മുതല്‍ 90 റിയാല്‍ വരെയും നല്‍കണം. ഒമാന്‍ എയര്‍ കൊച്ചിയിലേക്ക് 132 റിയാല്‍ വരെയും തിരിച്ച് 172 റിയാല്‍ വരെയുമാണ് ഈടാക്കുന്നത്. സലാം എയര്‍ കേരളത്തിലേക്ക് 85 റിയാല്‍ വരെയും തിരിച്ച് 67 റിയാല്‍ വരെയും ഈടാക്കും. ഒക്‌ടോബര്‍ 25 വരെ രണ്ടു പ്രതിവാര സര്‍വ്വീസുകളാണ് ഉണ്ടാവുക. ഒരാഴ്ചയില്‍ ഒരു വശത്തേക്കുള്ള യാത്രക്കാരുടെ എണ്ണം 10,000 ത്തില്‍ കവിയരുതെന്നാണ് എയര്‍ ബബിള്‍ ധാരണപ്രകാരമുള്ള നിബന്ധനയെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. നവംബര്‍ 30 വരെയായിരിക്കും എയര്‍ ബബിള്‍ കരാര്‍ നിലവിലുണ്ടാവുക.

Latest News