പഞ്ചാബിൽ നിന്ന് ദില്ലിയിലേക്ക് ‘കിസാൻ യാത്ര’ ; കാർഷിക നിയമങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ വൻ പ്രതിഷേധ നടപടികൾ ആസൂത്രണം ചെയ്തു കോൺഗ്രസ് പാർട്ടി. പഞ്ചാബിലെ സംഗ്രൂരിൽ നിന്നാരംഭിച്ചു പഞ്ചാബിലെയും ഹരിയാനയിലെയും അനേകം ജില്ലകളിലൂടെ കടന്ന് പോകുന്ന ‘കിസാൻ യാത്ര’യാണ് പ്രക്ഷോഭങ്ങളിൽ ആദ്യത്തേത്. പഞ്ചാബിൽ നിന്നാരംഭിക്കുന്ന കിസാൻ യാത്ര ദില്ലിയിലാണ് അവസാനിക്കുക.

സെപ്റ്റംബർ 24 മുതൽ നവംബർ 14 വരെയുള്ള കാലയളവിലേക്കാണ് കാർഷികനിയമങ്ങൾക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. മുൻ കോൺഗ്രസ് മേധാവിയും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കിസാൻ യാത്രയിൽ പ്രതീക്ഷിക്കുന്നുണ്ട്. സംഗ്രൂരിൽ നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ പ്രസംഗിക്കുമെന്നും അതിനുശേഷം പട്യാലയിലേക്ക് യാത്ര തുടരുമെന്നും വാർത്താഏജൻസിയായ എഎൻ‌ഐ റിപ്പോർട് ചെയ്യുന്നു.

ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയിൽ പഞ്ചാബിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത് ഈ പരിപാടികൾ ആസൂത്രണം ചെയ്യാൻ ചണ്ടീഗഡിൽ തങ്ങുകയാണ്. അടുത്ത രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ രാഹുൽ ഗാന്ധി പഞ്ചാബ് സന്ദർശിച്ചേക്കും എന്ന് ഹരിയാന കോൺഗ്രസ്സ് പ്രസിഡണ്ട് കുമാരി ഷെൽജ പറയുന്നു.

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസിന്റെ എതിർപ്പ് ഉയർത്തികാട്ടുക എന്നതും, മോദി സർക്കാരിന്റെ “കർഷക വിരുദ്ധ” മുഖം ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തുകയും ആണ് പരിപാടിയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Also Read: അനിശ്ചിതകാല റോഡ്-ട്രെയിന്‍ ഉപരോധ സമരവുമായി കര്‍ഷകര്‍; ഇന്ന മുതല്‍ ആരംഭിക്കും, നാളെ ലക്ഷം പ്രതിഷേധ യോഗങ്ങള്‍

DONT MISS
Top