‘മതേതര അടിത്തറയ്‌ക്കേറ്റ കടുത്ത ആഘാതം’; പ്രോസിക്യൂഷന് ഗുരുതര വീഴ്ച്ചയെന്ന് ചെന്നിത്തല

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതിയുടെ വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാബ്‌റി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുമാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധിച്ചതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്.

രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്ന ബാബ്‌റി മസ്ജിദ് തകര്‍ക്കലിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നെന്ന് രാജ്യത്തെ കൊച്ചു കുട്ടികള്‍ക്കുപോലും അറിയാവുന്ന കാര്യമാണ്. വര്‍ഗ്ഗീയത ആളിക്കത്തിച്ചുകൊണ്ടു രഥയാത്ര നടത്തുകയും കര്‍സേവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തത് അദ്വാനിയും കൂട്ടരുമാണെന്ന് രാജ്യത്തെ ജനങ്ങള്‍ കണ്‍മുമ്പില്‍ കണ്ടതാണ്. ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ അക്കമിട്ട് നിരത്തിയതുമാണ്. എന്നിട്ടും ഒന്നിനും തെളിവില്ലെന്നാണ് കോടതി വിധി. ഈ വിധിക്കെതിരെ സിബിഐ അപ്പീല്‍ പോകണമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

Also Read: ഞങ്ങള്‍ക്കിത് സന്തോഷദിനം, ജയ്ശ്രീറാം മന്ത്രിച്ച് വിധിയെ സ്വാഗതം ചെയ്തു: എല്‍കെ അദ്വാനി

DONT MISS
Top