‘മസ്ജിദ് തകര്‍ത്തവരെ വെറുതെവിടുന്ന വിധി ദൗര്‍ഭാഗ്യകരം’; എല്ലാവരും സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ഹൈദരലി തങ്ങള്‍

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിളായവരെ വിട്ടയച്ചുകൊണ്ടുള്ള കോടതിവിധിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. നിയമവിരുദ്ധമായും അക്രമ മാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവരെ ശിക്ഷയില്ലാതെ വെറുതെ വിടുന്ന വിധി വളരെ നിര്‍ഭാഗ്യകരമാണെന്ന് തങ്ങള്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സി ഇതിനെതിരെ അപ്പീല്‍ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും സമാധാനം പുലര്‍ത്തുകയും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടാണ് കോടതി ഉത്തരവ്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചാണ് എന്ന് കരുതാന്‍ തെളിവില്ലെന്നും വിധിയില്‍ പറയുന്നു. കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട 32 മുപ്പത്തിരണ്ട് പേരെയാണ് കോടതി വെറുതെ വിട്ടത്. ഇതില്‍ ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ എന്നിവര്‍ ഈ പട്ടികയിലുണ്ടായിരുന്നു.

Also Read: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ടു, തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചല്ലെന്ന് കോടതി ഉത്തരവ്

സിബിഐ പ്രതികള്‍ക്കെതിരെ നല്‍കിയ തെളിവുകള്‍ ശക്തമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നാണ് കോടതി വിലയിരുത്തിയത്. എല്‍കെ അദ്വാനി ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അശോക് സിംഗാള്‍ രാം ലല്ല സംരക്ഷിക്കാനാണ് ശ്രമിച്ചത്. നേരിട്ട് അശോക് സിംഗാളും ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ ശ്രമിച്ചില്ലെന്നും വിധിയില്‍ പറയുന്നു.

ഇരുപ്പത്തെട്ട് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. അയോധ്യയിലെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷമാകാനിരിക്കെയാണ് ബാബരി മസ്ജിദ് ധ്വംസന കേസിലെ വിധി വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയര്‍ന്ന് വന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി എല്‍കെ അദ്വാനി നടത്തിയ രഥയാത്രയെ തുടര്‍ന്നായിരുന്നു തകര്‍ക്കപ്പെട്ടത്.

Also Read: ‘ഒരിക്കലും പ്രതീക്ഷിക്കാത്ത വിധി’,ബാബ്‌റി മസ്ജിദ് കോടതിവിധിയിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

DONT MISS
Top