ഇരുപത്തിയെട്ട് ദിവസം കൊണ്ട് പിരിച്ചത് നാലര കോടി രൂപ പിഴ; കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌

തിരുവനന്തപുരം: പിഴയിലും വാഹന പരിശോധനയിലും കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇരുപത്തിയെട്ട് ദിവസം കൊണ്ട് നാലരക്കോടി രൂപയാണ് പിഴ മാത്രം പിരിച്ചെടുത്തത്. ഇരുപതിനായിരത്തിലധികം പേരില്‍ നിന്നാണ് ഇത്രയും തുക പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത്.

ഇ-ചെല്ലാന്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത് നടപ്പാക്കിയത്. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഇലട്രോണിക് മെഷ്യനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും വാഹനത്തിന്റെ നമ്പറും നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉടന്‍ ലഭ്യമാകും. ശേഷം വാഹന ഉടമയുടെ ഫോണിലേക്ക് പിഴ തുകയുടെ മെസെജ് എത്തുകയും ചെയ്യും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം,കൊല്ലം,എറണാകുളം,തൃശ്ശൂര്‍,കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കൂടാതെ മോഡിഫൈ ചെയ്ത വണ്ടികളും മോട്ടോര്‍ വാഹന വകുപ്പ് പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്ക് അയ്യായിരം രൂപയാണ് പിഴ ഈടാക്കുന്നത്.

നിലവില്‍ പിഴ ഈടാക്കിയതില്‍ എഴുന്നൂറിലധികം പേര്‍ക്കും വാഹനത്തിലുളള മോടിപിടിപ്പിക്കലിനാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പെറ്റി ഈടാക്കേണ്ടി വന്നത് കോട്ടയം ജില്ലയില്‍ നിന്നാണ്.

നിസാര കാര്യങ്ങള്‍ക്കും വലിയ പിഴ ഉദ്യോഗസ്ഥര്‍ ഈടാക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഒപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Also Read: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ടു, തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചല്ലെന്ന് കോടതി ഉത്തരവ്

DONT MISS
Top