കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്ര യുവതിയുടെ മൃതദേഹം നിർബന്ധിതമായി ദഹിപ്പിച്ചു; വീട്ടുകാർക്ക് ഒരുനോക്ക് കാണാനുള്ള ആഗ്രഹവും നിഷേധിക്കപ്പെട്ടു

പ്രതീകാത്മക ചിത്രം

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം നിര്‍ബന്ധിതമായി ദഹിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ദാരുണമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രതിഷേധങ്ങൾക്കിടയിലും ദഹിപ്പിക്കേണ്ടി വന്നത്. ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ പെണ്‍കുട്ടിയുടെ മൃതദേഹത്തെ അനുഗമിച്ചു കൊണ്ട് നടത്തിയ വാര്‍ത്ത റിപ്പോര്‍ട്ടിങ്ങില്‍ വ്യക്തമാകുന്നതാണ് ഈ വിവരങ്ങള്‍.

ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ തനുശ്രീ പാണ്ഡെയുടെ തത്സമയ ട്വീറ്റുകളില്‍ നിന്നും അവിടുത്തെ ദൃശ്യങ്ങളും സാഹചര്യങ്ങളും എത്ര ഭീകരമാണെന്ന് മനസ്സിലാക്കാവുന്നതാണ്. മരണപ്പെട്ട പെണ്‍കുട്ടിയുടെ ഉറ്റവര്‍ ദില്ലിയില്‍ നിന്നും വീടെത്തും മുന്‍പേ തന്നെ മൃതദേഹം ദഹിപ്പിക്കാനായി പാടുപെടുന്ന പൊലീസുകാരെ ദൃശ്യങ്ങളില്‍ കാണാനും കേള്‍ക്കാനും ആകും. പുലര്‍ച്ചെയോടെ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ എത്തുന്ന പൊലീസുകാര്‍, മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകാന്‍ പോലും സമ്മതിച്ചില്ല എന്ന് പെണ്‍കുട്ടിയുടെ സഹോദരനും, മാതാവും പറയുന്നു. മകളുടെ മൃതദേഹം അവസാനമായി ഒന്ന് കാണാന്‍ പോലുമാകാതെ വിലപിക്കുന്ന മാതാവും, പൊലീസുകാരുടെ സംസാരവുമെല്ലാം ദൃശ്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്.

യുപിയിലെ നിയമവാഴ്ചയും സാമൂഹിക അവസ്ഥയും വ്യക്തമാക്കുന്ന തരത്തിലാണ് മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരുടെ നടപടികള്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ തനുശ്രീ പാണ്ഡെയുടെ തത്സമയ ട്വീറ്റുകളില്‍ നിന്നും അവിടുത്തെ ദൃശ്യങ്ങളും സാഹചര്യങ്ങളും എത്ര ഭീകരമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഈ കേസ് ഏത് വിധേനയും അട്ടിമറിക്കാനുള്ള ശ്രമമായെ യുപി പൊലീസിന്റെ ഈ നടപടിയെയും കാണാനാകൂ എന്ന് ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കേസിനെ ദുർബലപ്പെടുത്താനും രഹസ്യാത്മകത സൂക്ഷിക്കാനുമുള്ള ഭരണകൂടത്തിന്റെ ഒത്താശയായും ഇത് വ്യഖ്യാനിക്കപ്പെടുന്നുണ്ട്.

എന്താണ് ഈ ദഹിപ്പിക്കപ്പെടുന്നത് എന്ന ചോദ്യത്തിന്, ‘എനിക്കറിയില്ല, എനിക്ക് കൂടുതലായൊന്നും പറയാന്‍ അധികാരമില്ല, ഡിഎം സാറിനോട് ചോദിക്കൂ’, എന്ന് പറഞ്ഞു ഒഴിയാന്‍ ശ്രമിക്കുന്ന ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടറും, എന്തിനാണ് ഈ തിടുക്കം എന്ന് ചോദിക്കുന്ന വീട്ടുകാരെ പോലും അകറ്റി നിര്‍ത്തി മൃതദേഹം ദഹിപ്പിക്കുന്നതും യുപിയിലെ നിയമവാഴ്ചയും സാമൂഹിക അവസ്ഥയും വ്യക്തമാക്കുന്നതാണ് എന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

സെപ്തംബര്‍ 14നാണ് 20വയസ്സുകാരിയായ പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാല് പ്രതികളും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സക്കായി ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെയായിരുന്നു മരണം. യുവതിയുടെ ശരീരമാസകലം ഗുരുതര മുറിവുകളുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. നാക്ക് മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് നടപടികള്‍ ആരംഭിക്കുന്നതില്‍ യുപി പൊലീസ് അലംഭാവം കാണിച്ചിരുന്നു എന്നും, തുടര്‍ന്ന് പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സഹായിക്കാന്‍ എത്തിയില്ല എന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് നിയമനടപടികള്‍ ആരംഭിച്ചതെന്ന ആരോപണവും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

Also Read: ഭാര്യയ്ക്കും മക്കള്‍ക്കും കൊവിഡ്, മൃതദേഹ സംസ്‌കാരം ഏറ്റെടുത്ത് എംഎല്‍എ; തെറ്റിദ്ധാരണ അകലുമെന്ന് പ്രതിപക്ഷ നേതാവ്

DONT MISS
Top