കിഴക്കമ്പലം ട്വന്റി 20 ഭരണം ദയനീയപരാജയം, പ്രളയത്തിന്റെ പേരില്‍ കോടികള്‍ പിരിച്ചതില്‍ അഴിമതിയെന്ന് യൂത്ത് കോണ്‍ഗ്രസ്; പൊതുസ്ഥാനാര്‍ത്ഥി വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

കൊച്ചി: കിഴക്കമ്പം പഞ്ചായത്തിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ട്വന്റി 20 ഭരണം ദയനീയ പരാജയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മറ്റി. റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതെയായെന്നും സംഘടന ആരോപിച്ചു.

അഞ്ച് വര്‍ഷം കൊണ്ട് ആറു കോടി രൂപയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെട്ടു. ഭരണകെടുകാര്യസ്ഥതമൂലം 13 കോടി ചെലവഴിക്കാനായില്ല. ഇന്ത്യയില്‍ ഒന്നാമതാകുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്നവര്‍ ജില്ലയില്‍ 59ാം സ്ഥാനത്താണ്. തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി നടത്തിയെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രളയത്തിന്റെ പേരില്‍ കിഴക്കമ്പലത്ത് നിന്ന് കോടികള്‍ പിരിച്ചതിലും അഴിമതിയുണ്ട്. ഇതെല്ലാം വിജിലന്‍ലസ് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേ സമയം ട്വന്റി 20ക്കെതിരെ പൊതു സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കിഴക്കമ്പലം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മുന്നണി രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളെയും അഴിമതിയെയും ചെറുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം ഏകാധിപത്യത്തെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

DONT MISS
Top