ഭാര്യയ്ക്കും മക്കള്‍ക്കും കൊവിഡ്, മൃതദേഹ സംസ്‌കാരം ഏറ്റെടുത്ത് എംഎല്‍എ; തെറ്റിദ്ധാരണ അകലുമെന്ന് പ്രതിപക്ഷ നേതാവ്

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി കോണ്‍ഗ്രസ് നേതാവും ആലുവ എംഎല്‍എയുമായ അന്‍വര്‍ സാദത്ത്. ആലുവ നൊച്ചിമ സ്വദേശി തേവന്റെയും ചെങ്ങമനാട് കപ്രസേരി സ്വദേശി കെഎം ബാവയുടെയും സംസ്‌കാര ചടങ്ങുകള്‍ക്കാണ് പിപിഇ കിറ്റ് ധരിച്ച് എഎല്‍എ നേതൃത്വം നല്‍കിയത്.

തേവന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കൊവിഡ് സ്വീകരിച്ചതോടെയാണ് അന്‍വര്‍ സാദത്ത് സംസ്‌കാരത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തത്. യൂത്ത് കോണ്‍ഗ്രസ് എടത്തല മണ്ഡലം പ്രസിഡന്റും ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നത്. മൃതദേഹം ആംബുലന്‍സില്‍ എത്തിച്ചതും ശ്മശാനത്തില്‍ ഇറക്കിയതും ഇവര്‍ത്തന്നെ.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തിന്റെ സംസ്‌കാര ചെലവ് വഹിച്ചതും അന്‍വര്‍ സാദത്താണ്. കഴിഞ്ഞ ദിവസം തേവന്റെ മകനും മരിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് 72 കാരനായ തേവനും പിന്നീട് കുടുംബത്തിലെ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ തേവന്‍ മരിക്കുകയായിരുന്നു.

പ്രവാസിയായിരുന്ന കെഎം ബാവയുടെ മൃതദേഹം സംസ്‌കരിക്കാനും എംഎല്‍എ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. ഞായറാഴ്ചയാണ് കളമശ്ശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ബാവ മരണത്തിന് കീഴടിങ്ങയത്. കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് മൃതദേഹം സംസ്‌കരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കുടുംബത്തിന് സഹായവുമായി അന്‍വര്‍ സാദത്ത് എത്തിയത്. തുടര്‍ന്ന് പറയമ്പം ജുമാ മസ്ജിദില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എംഎല്‍എയും സഹായികളായെത്തിയ യുവാക്കളും ചേര്‍ന്ന് ബാവയുടെ സംസ്‌കാരം നടത്തി.

Also Read: ഷോര്‍ട്‌സ് ഇട്ടാല്‍ കാല് കാണുമെങ്കില്‍ സാരിയുടുത്താല്‍ വയര്‍ കാണില്ലേ?; അപര്‍ണ്ണ ബാലമുരളി

എംഎല്‍എ അഭിനന്ദിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിച്ച് നടത്തിയ ഖബറടക്കത്തിന് ജനപ്രതിനിധികള്‍ തന്നെ നേതൃത്വപരമായ പങ്ക് വഹിക്കുന്നത് മാതൃകാപരവും, ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും ആശങ്കകളും ദുരീകരിക്കുന്നതിന് സഹായകരവുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്.

ആലുവ നിയോജക മണ്ഡലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ സന്തോഷപൂര്‍വ്വം എത്തുമെന്നും യൂത്ത് കോണ്‍ഗ്രസിലെ സന്നദ്ധ പ്രവര്‍ത്തകരെ ഇതിനായി സജ്ജമാക്കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചു.

Also Read: രാജ്യത്തെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി, നാലാമന്‍ അദാനി; പട്ടിക ഇങ്ങനെ

DONT MISS
Top