സുശാന്ത് സിംഗ് രജ്പുതിന്റെ മരണം; എയിംസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍

സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്‌. പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് നിയോഗിച്ച പാനലിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് സെപ്റ്റംബര്‍ 28 തിങ്കളാഴ്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

സിബിഐ നിര്‍ദ്ദേശ പ്രകാരം ഡോ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഓഗസ്റ്റിലാണ് എയിംസ് പാനല്‍ രൂപീകരിച്ചത്. പാനലിന്റെ കണ്ടെത്തലുകള്‍ ഇതുവരെ പൊതുജനത്തിന് ലഭ്യമാക്കിയിട്ടില്ല.

സുശാന്തിന്റെ ശരീരത്തില്‍ നിന്ന് വിഷാംശം കണ്ടെത്താനായിട്ടില്ല

ടൈംസ് നൗ, ഇന്ത്യ ടുഡേ എന്നിവര്‍ പുറത്തുവിട്ട അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം എയിംസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ശരീരത്തില്‍ വിഷം ബാധിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഈ വിവരം ഇതുവരെ പാനലോ സിബിഐയോ പ്രഖ്യാപിച്ചിട്ടില്ല.

സുശാന്തിന്റെ മരണകാരണം കഴുത്തു ഞെരിച്ചതാണ്, കഴുത്തിലെ പാടുകള്‍ ഇതിന് തെളിവാണ് എന്ന സുശാന്തിന്റെ അഭിഭാഷകന്റെ വാദം എയിംസ് പുറത്തുവിട്ടതല്ല.

സെപ്റ്റംബര്‍ 25 ന് സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബ അഭിഭാഷകന്‍ വികാസ് സിംഗ് എയിംസ് ഡോക്ടര്‍മാരുടെ കണ്ടെത്തലെന്ന പേരില്‍ നടത്തിയ പ്രസ്താവന തെറ്റാണ്. സുശാന്തിന്റെ മരണത്തിന് കാരണം 200 ശതമാനവും കഴുത്ത് ഞെരിച്ചതാണ്, ആത്മഹത്യയല്ല എന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. ഇത് എയിംസ് സംഘത്തിന്റെ ഭാഗമായ ഒരു ഡോക്ടര്‍ തന്നോട് പറഞ്ഞതാണെന്നാണ് വികാസ് സിംഗ് അവകാശപ്പെട്ടത്. സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്ന് അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തിയതാണെന്നും ആത്മഹത്യയല്ലെന്നും വ്യക്തമാകുന്നു എന്നായിരുന്നു പ്രസ്താവന. എന്നാല്‍ ഡോ സുധീര്‍ ഗുപ്ത അഭിഭാഷകന്റെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി.

അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും കൊലപാതകമാണോ ആത്മഹത്യയാണോ എന്നൊന്നും അടയാളങ്ങളെ അടിസ്ഥാനമാക്കി തീരുമാനിക്കാന്‍ കഴിയില്ലെന്നും ഡോ സുധീര്‍ ഗുപ്ത ചൂണ്ടിക്കാട്ടിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Also Read: പ്രതിഫലം കുറയ്ക്കാതെ ടൊവിനോയും ജോജു ജോര്‍ജും; ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന്‌ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

DONT MISS
Top