പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ് നിയമസഭ സീറ്റ്’; നിബന്ധനകളുമായി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍

ലഖ്‌നൗ: രണ്ട് വര്‍ഷം കഴിഞ്ഞ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന പ്രക്രിയ ആരംഭിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. 2022 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് തരം മാനദണ്ഡങ്ങളാണ് മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി സ്വീകരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ മികച്ച പ്രവര്‍ത്തനം നടത്തുക. സ്വന്തം പ്രദേശത്തെ പാര്‍ട്ടി പരിപാടികളിലും പ്രക്ഷോഭങ്ങളിലും സജീവമായി പങ്കെടുത്ത് ജനങ്ങള്‍ക്കിടയില്‍ അംഗീകാരം നേടിയെടുക്കുക. ഈ രണ്ട് മാനദണ്ഡങ്ങളാണ് നേതാക്കള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

2021 ആദ്യം മുതല്‍ ഈ പ്രക്രിയ ആരംഭിക്കും. അതിന് ശേഷം ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരുടെ പട്ടിക തയ്യാറാക്കും. അടുത്ത വര്‍ഷം പകുതിയാവുന്നതോടെ ഈ പട്ടികയില്‍ നിന്നൊരാളെ പാര്‍ട്ടി തെരഞ്ഞെടുത്ത് മത്സരത്തിന് തയ്യാറാവാന്‍ ആവശ്യപ്പെടും. പ്രവര്‍ത്തന മികവ് മാത്രമായിരിക്കും മാനദണ്ഡമെന്ന് യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറയുന്നു.

കാര്‍ഷിക ബില്ലിനോടുള്ള കര്‍ഷകരുടെ പ്രതിഷേധം സജീവമാകവേ ഇതിലൂടെ ഉത്തര്‍പ്രദേശിലെ ഗ്രാമീണ മേഖലയിലേക്ക് കടന്നുകയറാനാവുമെന്നാണ് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസും ആലോചിക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍ ഡിസംബര്‍ 17 വരെ അംഗത്വ കാമ്പയ്ിന്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിവുള്ള യുവരക്തങ്ങളെ ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

DONT MISS
Top