ബിജെപി വിട്ട് ശിരോമണി അകാലിദള്‍ സഖ്യമുണ്ടാക്കുന്നത് ബിഎസ്പിയോടൊപ്പം? പഞ്ചാബില്‍ രാഷ്ട്രീയസമവാക്യങ്ങള്‍ മാറുമെന്ന് സൂചന

കാര്‍ഷികനിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ ബിജെപിയുമായി നിലനിന്നിരുന്ന 24 വര്‍ഷത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ചശേഷം ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ പദ്ധതിയിടുന്നതായി സൂചന. ശിരോമണി അകാലി ദള്‍-ബിജെപി സഖ്യം പൊളിയുന്നതോടെ പഞ്ചാബിന്റെ രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1996 മുതലുള്ള സഖ്യം അവസാനിക്കുമ്പോള്‍ അത് പഞ്ചാബ് രാഷ്ട്രീയത്തിലെ പുത്തന്‍ അധ്യായം കുറിക്കുന്നതാകും.

കര്‍ഷകരുടെ താല്‍പ്പര്യസംരക്ഷണത്തിനായി ബിജെപി വിടുമ്പോള്‍ സിഖ് ജാട്ടുകളുടേയും ദളിത് വിഭാഗത്തിന്റേയും പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്ന് ശിരോമണി അകാലിദള്‍ വിശ്വസിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിഭാഗങ്ങളുടെ വോട്ടുറപ്പിച്ച് അകാലികള്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ നീക്കം നടത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. 2007 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശിരോണമണി അകാലിദളിന്റെ വോട്ടുവിഹിതം 37.09 ശതമാനത്തില്‍ നിന്നും 2017 ലെ തെരഞ്ഞെടുപ്പില്‍ 25.2 ശതമാനമായി ചുരുങ്ങിയിരുന്നു. ബിജെപിയുടെ വോട്ടവിഹിതം 8.20 ശതമാനത്തില്‍ നിന്നും 5.4 ശതമാനമാകുകയും ചെയ്തിരുന്നു. 4.13 ശതമാനത്തില്‍ നിന്നും 1.5 ശതമാനമായി വോട്ടുകുറഞ്ഞതായാണ് പഞ്ചാബില്‍ ബിഎസ്പിയുടെ അനുഭവം. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി 7.38 ശതമാനം വോട്ട് നേടിയിരുന്നു. ഇത്തരമൊരു ചിത്രത്തില്‍ ബിജെപി- ശിരോമണി അകാലിദള്‍ പിളര്‍പ്പ് അതിനിര്‍ണ്ണായകമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ശക്തമായ എതിര്‍സഖ്യം പിളര്‍ന്നതിനാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. ഇത്തരമൊരു ചിത്രത്തില്‍ പഞ്ചാബില്‍ ബിഎസ്പി- ശിരോമണി അകാലിദള്‍ സഖ്യം വന്‍ശക്തിയായി മാറിയേക്കുമെന്നും പ്രവചനങ്ങളുണ്ട്.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒപ്പുവെച്ച് മൂന്ന് കാര്‍ഷികപരിഷ്‌ക്കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് ശിരോമണി അകാലി ദള്‍ ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുന്നത്.രാജ്യസഭയില്‍ കാര്‍ഷിക ബില്ലവതരപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം പ്രതിഷേധവുമായി സഭ വിട്ട ശിരോമണി അകാലിദള്‍ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ബില്ല് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ സുക്ബീര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ എന്‍ഡിഎ സഖ്യമുപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

കാര്‍ഷിക ബില്ലുകളിലെ കേന്ദ്രത്തിന്റെ നിലപാടിനുപുറമെ, ജമ്മു കശ്മീരിലെ ഭാഷകളില്‍ പഞ്ചാബി ഉള്‍പ്പെടുത്താത്തത് അടക്കമുള്ള പഞ്ചാബി, സിഖ് വിഷയങ്ങളോടുള്ള അവഗണനെയെക്കുറിച്ചും ചര്‍ച്ച ചെയ്തായിരുന്നു യോഗത്തിന്റെ സഖ്യം വിടാനുള്ള തീരുമാനം.

നിയമനിര്‍മ്മാണത്തിലൂടെ താങ്ങുവില ഉറപ്പാക്കി കര്‍ഷകര്‍ക്ക്‌ അവരുടെ വിളകളുടെ വിപണനത്തിന് പിന്തുണ നല്‍കാന്‍ കേന്ദ്രം വിസമ്മതിക്കുന്നതും പഞ്ചാബി, സിഖ് വിഷയങ്ങളില്‍ നിരന്തരമായി തുടരുന്ന അവഗണനയും കണക്കിലെടുത്ത് എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം എടുത്തതായി  ശിരോമണി അകാലിദള്‍ അദ്ധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ വ്യക്തമാക്കിയിരുന്നു.

Also Read:- ‘സിബിഐയെ തടയാനുള്ള നിയമനിര്‍മ്മാണമുണ്ടായിട്ടുള്ളത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍’; ഓര്‍ഡിനന്‍സിന് നീക്കമില്ലെന്ന് മുഖ്യമന്ത്രി

DONT MISS
Top