പ്രതിഫലം കുറയ്ക്കാതെ ടൊവിനോയും ജോജു ജോര്‍ജും; ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന്‌ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: പ്രതിഫലം കുറയ്ക്കാതെ മുന്‍നിര താരങ്ങളായ ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവരുടെ ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിഫലം കൂട്ടിചോദിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ലെന്ന് അസേസിയേഷന്‍ തീരുമാനിച്ചിരുന്നു. ആ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങള്‍ക്കെതിരെയുള്ള നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ കൂടുതല്‍ പ്രതിഫലം ചോദിക്കുന്ന സാഹചര്യത്തില്‍ ഇരുവരുടേയും രണ്ട് ചിത്രങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം.

മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ പോലും ദൃശ്യം രണ്ടില്‍ പകുതി പ്രതിഫലം വാങ്ങുന്നുള്ളു എന്നാണ് അസോസിയേഷന്റെ ഭാഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് വിട്ടുവീഴ്ചയില്ലെന്ന തീരുമാനം. ഇനിമുതല്‍ കരാര്‍ പരിശോധിച്ചതിന് ശേഷം മാത്രമേ സിനിമകള്‍ക്ക് അംഗീകാരം നല്‍കൂ എന്ന് വ്യക്തമാക്കിയ അസോസിയേഷന്‍ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായി അറിയിച്ചു. നിലവിലെ സാഹചര്യത്തിന്‍ തിയറ്ററുകള്‍ തുറന്നാല്‍ തന്നെ ഉടനെയൊന്നും റിലീസുകളുണ്ടാകില്ലെന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്‌.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണമായി പ്രവര്‍ത്തനരഹിതമായ സിനിമാ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഷൂട്ടിംഗ് പോലും പ്രതിസന്ധിയിലായിരിക്കുന്നതിനാല്‍ നിര്‍മ്മാണ ചിലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന്് പ്രൊഡ്യൂസേഴസ് അസോസിയേഷന്‍ മുന്‍പ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് താരങ്ങളും വിഷയത്തില്‍ സഹകരിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ച് താര സംഘടനയായ അമ്മയും ഫെഫ്കയും രംഗത്തുവന്നിരുന്നു.

Also Read: ‘ഇതൊക്കെ ചെയ്യുന്ന പകല്‍ മാന്യന്‍മാരും സമൂഹത്തിലുണ്ട്’; അനുഭവങ്ങളില്‍ നിന്ന് തുറന്നുപറഞ്ഞ് ലിസി, ഭാഗ്യലക്ഷ്മിക്ക് പിന്തുണ

DONT MISS
Top