‘ഇതൊക്കെ ചെയ്യുന്ന പകല്‍ മാന്യന്‍മാരും സമൂഹത്തിലുണ്ട്’; അനുഭവങ്ങളില്‍ നിന്ന് തുറന്നുപറഞ്ഞ് ലിസി, ഭാഗ്യലക്ഷ്മിക്ക് പിന്തുണ

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകള്‍ക്ക് പിന്തുണയുമായി നടി ലിസി. ആക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിച്ച സ്ത്രീകളുടെ ചുവടുവയ്പ്പ് പ്രശംസനീയമാണെും ഇത് മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കമാകുമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ലിസി പറയുന്നു. ചില ചെറിയ ക്രിമിനലുകള്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് തെറ്റിദ്ധരിക്കരുതെന്നും, മാന്യന്മാര്‍ എന്ന് നടിച്ചുനടക്കുന്ന പലരും ഇക്കൂട്ടത്തിലുണ്ടെന്നും അതെപ്പറ്റി സ്വന്തം അനുഭവത്തില്‍ നിന്ന് പറയാന്‍ കഴിയുമെന്നും ലിസി ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവെപ്പാണിത്’ സമൂഹത്തിന് വേണ്ടിയുള്ള ഒരു വലിയ ചുവടുവെപ്പിന്റെ തുടക്കം’.വിദഗ്ധരുടെ കപടവേഷത്തിലെത്തി സോഷ്യല്‍ മീഡിയകളിലൂടെ സമൂഹത്തിലേക്ക് വിഷയം കുത്തിവയ്ക്കുന്ന കുറ്റവാളികളെക്കൊണ്ട് നമ്മുടെ ലോകം നിറഞ്ഞിരിക്കുകയാണ്. സമൂഹത്തിലെ ചെറുപ്പക്കാരിലും ദുര്‍ബല ചിന്താഗതിയുള്ളവരിലും സ്ത്രീകള്‍ക്കെതിരായ സമീപനം ഉണ്ടാക്കുന്നതിനുള്ള നീക്കങ്ങളാണ് ഇതില്‍ കൂടുതലും. അവര്‍ നമ്മുടെ സമൂഹത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യം ഭൂരിപക്ഷം അവഗണിക്കുമായിരിക്കും, പക്ഷേ അത് ചെറുതെങ്കിലും ശക്തമായ ന്യൂനപക്ഷത്തെ സ്വാധീനിക്കുന്നു. ഹീറോപരിവേഷമുള്ള അത്തരം മാതൃകാപുരുഷന്മാരെക്കൊണ്ട് യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും നിറഞ്ഞിരിക്കുകയാണ്.

ഇപ്പോഴെങ്കിലും ഇതൊക്കെ അവസാനിപ്പിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അത് നമ്മുടെ സമൂഹത്തെ ബാധിക്കുകയും ഒടുവില്‍ നമ്മെ നശിപ്പിക്കുകയും ചെയ്യും. നടപടിയെടുക്കുന്നതില്‍ നമ്മുടെ നിയമപാലകര്‍ പരാജയപ്പെടുകയാണ്, ഈ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കണ്ണടയ്ക്കുകയാണ്. നിയമം ലംഘിക്കുന്നതിനോട് ആരും യോജിക്കുന്നില്ലെങ്കിലും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്തത് പ്രശംസനീയമായ നടപടിയാണ്. അവര്‍ ഈ വിഷയം സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. ഇത് ചെയ്യുന്ന ആളുകള്‍ എല്ലാവരും ഒരേതരം കുറ്റവാളികളാണെന്ന് തെറ്റിദ്ധരിക്കരുത്. എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞാല്‍ മാന്യന്മാരായി വേഷമിടുന്നവരും ഇത് ചെയ്യുന്നുണ്ട്.

പി എസ്: എന്തായാലും കുറ്റവാളിയെ ഇരയായും ഇരകളെ കുറ്റവാളികളാക്കിയും മാറ്റുന്ന നിയമപാലകരുടെ മാന്ത്രികവിദ്യയ്ക്ക് അഭിനന്ദനങ്ങള്‍. വാട്ട് അന്‍ ഐഡിയ സര്‍ജി !

ഭാഗ്യലക്ഷ്മിയെയും സംഘത്തെയും പിന്തുണച്ച് നിരവധിപേരാണ് രംഗത്തുവരുന്നത്. എഴുത്തുകാരി സുഗതകുമാരി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. പിന്നാലെ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുള്‍പ്പടെയുള്ള സംഘടനകളും നിരവധി സിനിമാ പ്രവര്‍ത്തകരും പ്രവൃത്തിയെ അനുകൂലിച്ചിരുന്നു.

Also Read: ഏഴ് ഭാഷകളില്‍, 42 പാട്ടുകളുമായി ‘സാല്‍മണ്‍ 3ഡി’

DONT MISS
Top