കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ടിഎന്‍ പ്രതാപന്‍ എംപി സുപ്രീംകോടതിയിലേക്ക്; ഇടപെടല്‍, ഹരജി

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയില്‍. കര്‍ഷകരുടെ മൗലീക അവകാശങ്ങള്‍ ലംഘിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതാപന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

കാര്‍ഷിക ബില്ലിനെതിരെ സുപ്രീംകോടതിയിലെത്തുന്ന ആദ്യ ഹരജിയാണിത്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നു.

രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രക്ഷോപങ്ങളും സമരങ്ങളും സംഘടിക്കുമ്പോള്‍ ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചിരുന്നു. നേരത്തെ തന്നെ ലോകസഭയിലും രാജ്യസഭയിലും പാസായിരുന്ന ബില്ലാണ് ഞായറാഴ്ച രാഷ്ട്രപതി നിയമമാക്കി വിജ്ഞാപനം പുറത്തിറക്കിയത്.

ഒട്ടേറെ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയതിനു പിന്നാലെയായിരുന്നു ഇരുസഭകളില്‍ നിന്നും ബില്ല് പാസായത്. ആത്മഹത്യപരമായ ബില്ലെന്നാണ് പ്രതിപക്ഷം ബില്ലിനെ വിമര്‍ശിച്ചത്. ബില്ലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ ബഹളമുണ്ടാക്കുകയും റൂള്‍ബുക്ക് വലിച്ചുകീറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡെറിക്ക് ഒബ്രൈയാന്‍ ഉള്‍പ്പെടെയുള്ള എപിമാരെ രാജ്യ സഭയില്‍ നിന്നും സസ്‌പ്പെന്റ് ചെയ്തിരുന്നു. ബില്ലില്‍ പ്രതിഷേധിച്ച് ബിജെപി സംഖ്യ കക്ഷിയായ ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു.

Also Read: കര്‍ഷക പ്രക്ഷോഭം നയിക്കാന്‍ രാഹുല്‍ ഗാന്ധി; ആദ്യം പഞ്ചാബില്‍, പിന്നീട് ഹരിയാനയില്‍

ബില്ലിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. കര്‍ഷക പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അണിചേരുമെന്നാണ് വിവരം. വരുന്ന ആഴ്ചയില്‍ പഞ്ചാബിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന കര്‍ഷക പ്രക്ഷോഭം നടക്കുക. പ്രക്ഷോഭ വേദിയും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല.

പഞ്ചാബിന് ശേഷം ഹരിയാനയില്‍ നടക്കുന്ന പ്രക്ഷോഭത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. രണ്ട് മാസം നീണ്ടനില്‍ക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍.

DONT MISS
Top